Kerala News

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസുടമകള്‍

Keralanewz.com

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.

കഴിഞ്ഞ മാസം 8 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. പതിനെട്ടാം തീയതിക്കകം ആവശ്യങ്ങള്‍ പരിഗണിച്ച്‌ പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നല്‍കിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. ഇരുപത്തിയൊന്നിന് മുമ്ബ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച്‌ പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സെഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് ന‌ല്‍കിയിട്ടുള്ളത്.

ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന. കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങള്‍.

അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക

Facebook Comments Box