Thu. Apr 25th, 2024

പാലാ ജനറൽ ആശുപത്രിയിൽ ഹൈടെക് ഡയാലിസിസ് കേന്ദ്രം തയ്യാറായി വരുന്നു; നിർമ്മാണപുരോഗതി മുനിസിപ്പൽ ചെയർമാനും അധികൃതരും വിലയിരുത്തി, വൃക്കരോഗികൾക്ക് കിടത്തി ചികിത്സയ്ക്കും നടപടി ഉണ്ടാവും

By admin Dec 14, 2021 #news
Keralanewz.com

.

.

പാലാ :നീണ്ട കാത്തിരിപ്പിനു ശേഷം പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ആശ്വാസമായി ഹൈടെക് ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നു.
ഇവിടെ എത്തിക്കുകയും തിരികെ കൊണ്ടു പോവുകയും ചെയ്ത 10 മിഷ്യനുകളും ജോസ്.കെ.മാണി എം.പിയുടെ ഇടപെടലിൽ തിരികെ എത്തിച്ചത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഡയാലിസിസ് രോഗികൾക്കായുള്ള പ്രത്യേക മുറിയും ബഡുകൾ എന്നിവയും സജ്ജീകരിച്ചു കഴിഞ്ഞു.വൈദ്യുതീകരണവും പൂർത്തിയായി. ശീതീകരണo കൂടി ഈ ആഴ്ച പൂർത്തിയാകുന്നതോടെ ഡയാലിസിസ് സൗകര്യം സജ്ജമാകും.

ഒരേ സമയം 10 പേർക്കും രണ്ട് ഷിഫ്ടുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.രണ്ടാം ഘട്ടത്തിൽ 10 മിഷ്യനുകൾ കൂടി ലക്ഷ്യമിടുന്നുണ്ട്. കിടത്തി ചികിത്സയ്ക്കുള്ള വാർഡും സജ്ജീകരിക്കുന്നുണ്ട്. നെഫ്രോളജി വിഭാഗം ഡോക്ടർ തസ്തിക കൂടി ലഭ്യമായാൽ വൃക്കരോഗ ഒ.പി വിഭാഗവും കിടത്തി ചികിത്സയും കൂടി ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.മറ്റേതൊരു സർക്കാർ ഡയാലിസിസ് കേന്ദ്രങ്ങിലേക്കാളും മികച്ച സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കുക.നിർധന രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ സ്ഥിരമായി ലഭ്യമാക്കി സൗജന്യ ചികിത്സ ലഭ്യമാക്കുവാൻ സ്പോൺസർമാരെ കണ്ടെത്തുവാൻ ശ്രമിക്കുന്നതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു


മുൻ ധനകാര്യ മന്ത്രി കെ.എം.മാണി നൽകിയ എട്ട് കോടിയിൽപരം രൂപ ചിലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിലെ ഒന്നാം നില മുഴുവൻ ഡയാലിസിസ്, നെഫ്രോളജി വിഭാഗത്തിനായി മാത്രം മാറ്റി വച്ചിരിക്കുകയാണ്.നിലവിലുള്ള റാമ്പ് സൗകര്യത്തിനു പുറമേ രണ്ട് ബെഡ് കം പാസഞ്ചർ ലിഫ്ട് കൾ കൂടി സ്ഥാപിക്കുന്നതിനായുള്ള നടപടികളും അവസാന ഘട്ടത്തിലാണ് .കൂടാതെ രോഗികളോടൊപ്പം വരുന്ന സഹായികൾക്ക് വിശ്രമകേന്ദ്രവുംസജ്ജമാക്കുന്നുണ്ട്. ഈ ബഹുനില സമുച്ചയത്തിലേക്ക് ആവശ്യമായ നവീന ഫർണിച്ചറുകൾക്കായി ലഭ്യമാക്കിയിട്ടുള്ള 15 ലക്ഷം രൂപ വിനിയോഗിച്ച് രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ ഫർണീച്ചറുകൾ സജ്ജീകരിക്കുന്നതിനും നടപടി പൂർത്തിയായി വരുന്നു. ഡയാലിസിസ് റൂമിൽ ടി.വി യും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും.

ആശുപത്രിയിലെ ഡയാലിസിസ് വാർഡ് ക്രമീകരണ പ്രവർത്തനങ്ങൾ ആർ.എം.ഒ.ഡോ.അനീഷ്‌ ഭദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജയ്സൺമാന്തോട്ടം, പീറ്റർ പന്തലാനി, കൗൺസിലർ സാവിയോ കാവുകാട്ട്, എച്ച്.ഐ അശോക് കുമാർ ആശുപത്രി അധികൃതർ എന്നിവർ വിലയിരുത്തി.അവശേഷിക്കുന്ന പ്രവർത്തികൾ കൂടി ഉടൻ പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു .ഒരു മാസത്തിനകം ഇത് രോഗികൾക്ക് തുറന്നുകൊടുക്കുവാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവ്വീസസ് കോർപ്റേഷൻ വഴിയാണ് ഡയാലിസ് കേന്ദ്രഠ ഇവിടെ സ്ഥാപിക്കുന്നത്

Facebook Comments Box

By admin

Related Post