Mon. May 6th, 2024

‘അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ’; എന്ത് മറുപടി നല്‍കാനാണെന്ന് സോഷ്യല്‍മീഡിയ

By admin Dec 16, 2021 #gender uniform
Keralanewz.com

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ഒരു വിഭാഗം മുസ്ലീംസംഘടനകള്‍ രംഗത്ത്.

ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്ന അധ്യാപികമാര്‍ എന്തുകൊണ്ട് മുണ്ടും കുപ്പായവും ധരിച്ച്‌ സ്‌കൂളില്‍ വരുന്നില്ലെന്നാണ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിക്കുന്നത്.

”ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. അവര്‍ പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ല. വിഷയത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്ന് നിങ്ങള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരുടെ മാനസികാവസ്ഥ ആരും പരിശോധിച്ചിട്ടില്ല. ആണും പെണ്ണും ഓരോ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് യുക്തിക്ക് യോജിക്കുന്നത് അല്ല. അങ്ങനെയാണെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ. എന്തിന് കുട്ടികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പുതിയ യൂണിഫോം. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച്‌ വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സ്‌കൂളും പിടിഎയും തയ്യാറാകണം.”-മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എംഎസ്‌എഫ് അടക്കമുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് ബാലുശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. യൂണിഫോം ധരിക്കുന്ന തങ്ങള്‍ക്ക് ഇല്ലാത്ത എന്ത് പ്രശ്‌നങ്ങളാണ് പ്രതിഷേധം നടത്തുന്നവര്‍ക്കെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. പ്രതിഷേധം നടത്തുന്നവരുടെ കാഴ്ചപാടിന്റെ പ്രശ്‌നമാണിതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ പ്രതികരണം: ”ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ആദ്യ ദിവസമാണിന്ന്. സ്‌കൂളിന് പുറത്തു കുറെ പേര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്‌നം ഇവര്‍ക്കെന്തിനാണെന്നാണ് ചോദിക്കാനുള്ളത്. പുതിയ യൂണിഫോം കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല, ഗുണങ്ങളാണ് ഉള്ളത്. പ്രതിഷേധിക്കുന്നവരുടെ കാഴ്ചപാടാണ് പ്രശ്‌നം.” രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ ഇല്ലാത്ത വിഷമമാണ് ചില വിദ്യാര്‍ഥി സംഘടനകള്‍ക്കെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.

പുതിയ യൂണിഫോം തങ്ങള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടബിളാണെന്നും ചുരിദാറൊക്കെ വച്ച്‌ തോന്നുമ്ബോള്‍ ഇത് വളരെ ഫഌ്‌സിബിളായി തോന്നുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

”ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്. വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വച്ച്‌ തോന്നുമ്ബോള്‍ ഫഌ്‌സിബിളാണ്.” ”ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്‌ യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.” ”യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷര്‍ട്ടിന്റെ വലുപ്പം എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചത്. എല്‍കെജി തൊട്ട് വിവിധ തരം യൂണിഫോമുകള്‍ ഞങ്ങള്‍ ട്രൈ ചെയ്തതാണ്. ഇനിയിപ്പോള്‍ ആണ്‍കുട്ടികള്‍ ഇടുന്ന യൂണിഫോം കൂടി ട്രൈ ചെയ്ത് നോക്കട്ടെ.”-വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇതിനിടെ അധ്യാപികമാര്‍ എന്തുകൊണ്ട് മുണ്ടും കുപ്പായവും ധരിക്കുന്നില്ലെന്ന മജീദിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ സോഷ്യല്‍മീഡിയ രംഗത്തെത്തി. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കാനാണെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്.

Facebook Comments Box

By admin

Related Post