Thu. May 2nd, 2024

ക്രിസ്മസ് തിരക്കിലമര്‍ന്ന് നഗരം, തൊടുപുഴ നഗരത്തില്‍ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി

By admin Dec 17, 2021 #traffic
Keralanewz.com


തൊടുപുഴ: ക്രിസ്‌മസ് വിപണി കൂടി സജീവമായതോടെ തൊടുപുഴ നഗരത്തില്‍ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി. കൊവിഡ് ഭീതി മാറി ജനം നഗരത്തിലേക്ക് കൂടുതലായി വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്.

എന്നാല്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകിട്ട് 3.30 മുതല്‍ ഏഴ് വരെയുമുള്ള സമയങ്ങളില്‍ വാഹനവുമായി ടൗണിലിറങ്ങിയാല്‍ കുരുക്കില്‍പ്പെട്ട് വലയുമെന്ന സ്ഥിതിയാണ്. ഈ സമയങ്ങളില്‍ മൂപ്പില്‍കടവ് പാലം മുതല്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. വര്‍ഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ക്ക് പകരം രണ്ട് പൊലീസുകാര്‍ ഗതാഗതനിയന്ത്രണത്തിനുണ്ടെങ്കിലും വലിയ പ്രയോജനമില്ല. ജംഗ്ഷനടുത്ത് തന്നെയുള്ള മൂന്ന് ബസ് സ്റ്റോപ്പുകളാണ് കുരുക്ക് ഇരട്ടിയാക്കുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി വന്നുപോകുന്ന ബസുകള്‍ സ്റ്റോപ്പില്‍ നിറുത്തുമ്ബോള്‍ പിറകില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കടന്നുപോകാനാകാതെ കുടുങ്ങുന്നു. തൊടുപുഴ- മൂവാറ്റുപുഴ റോഡിലും കുരുക്ക് രൂക്ഷമാണ്. ഇതിനിടെ ഏതെങ്കിലും സംഘടനകളുടെ പ്രകടനങ്ങളോ മറ്റോ ഉണ്ടെങ്കില്‍ നഗരം നിശ്ചലമാകും. അതുപോലെ മാര്‍ക്കറ്റ് റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ വലിയ ലോറികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ചരക്കിറക്കുന്നത് വലിയ തോതില്‍ ബ്ലോക്കിന് കാരണമാകുന്നുണ്ട്. റോഡിന്റെ രണ്ട് വശങ്ങളിലും വലിയ ലോറികള്‍ നിറുത്തിയിടുന്നതോടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാകില്ല. ഈ സമയം ബസുകളും ഇതുവഴിയെത്തുന്നതോടെ പൂര്‍ണമായും സ്തംഭിക്കും. രാവിലെയും വൈകിട്ടും ലോറികള്‍ റോഡരികില്‍ നിറുത്തി ചരക്കിറക്കുന്നതിന് നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കാറില്ല. രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളുള്ല കാഞ്ഞിരമറ്റം ബൈപാസ് വഴിയും വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. അടുത്തടുത്ത് രണ്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളുള്ള ഇവിടെ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും കൂടി റോഡരികില്‍ നിറുത്തിയിടുമ്ബോള്‍ ബസുള്‍പ്പെടെയുള്ള മറ്റ് വണ്ടികള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പാലാ റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ തിരക്കിന് കുറവില്ല. യാത്രക്കാരെ കയറ്റിയിറക്കി ബസുകള്‍ ഇഴഞ്ഞ് നീങ്ങുന്നതും അനധികൃത പാര്‍ക്കിംഗും ഇടുക്കി റോഡിലും കുരുക്ക് കൂട്ടുന്നുണ്ട്.

ബൈപാസുകള്‍ തിരഞ്ഞെടുക്കാതെ കൂടുതല്‍ വാഹനങ്ങള്‍ നഗരകവാടത്തിലേക്ക് കടന്നെത്തുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് മറ്റൊരു കാരണം. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മങ്ങാട്ടുകവലയില്‍ നിന്ന് ബൈപാസ് വഴിയെത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസും രംഗത്തില്ല. ഇതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്.

ഫ്ളൈഓവര്‍

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.ജെ. ജോസഫ് എം.എല്‍.എ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഫ്ളൈഓവര്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകും.

ടൗണ്‍- ടൗണ്‍ ബസ് സര്‍വീസ് വേണം

പ്രൈവറ്റ് ബസുകള്‍ ടൗണ്‍ ചുറ്റാതെ നേരെ കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡിലോ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലോ എത്തി യാത്ര അവസാനിപ്പിച്ചാല്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിന്റയും കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡിന്റയും ചറ്റുപാടുള്ള പ്രദേശങ്ങളിലെ വികസനത്തിന്റെ വേഗത വര്‍ദ്ധിക്കുകയും ചെയ്യും. വലിയ നഗരങ്ങളിലെ പോലെ കോതായിക്കുന്ന് സ്റ്റാന്‍ഡില്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡിലേക്ക് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് തൊടുപുഴയിലും ആരംഭിക്കണം.

Facebook Comments Box

By admin

Related Post