Sat. Apr 27th, 2024

‘ബലാത്സംഗം തടയാന്‍ പറ്റുന്നില്ലെങ്കില്‍ കിടന്ന് ആസ്വദിക്കൂ’! നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സ്പീക്കര്‍ കൂടിയായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധം ശക്തം

By admin Dec 17, 2021 #k r rameshkumar #karnataka
Keralanewz.com

ബെംഗളൂരു: കര്‍ണാടക മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ആര്‍. രമേശ് കുമാര്‍ നിയമസഭയില്‍ ബലാത്സംഗത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

“ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍, കിടന്ന് ആസ്വദിക്കൂ” എന്നായിരുന്നു രമേശ് കുമാറിന്റെ വിവാദ പരാമര്‍ശം.

നിയമസഭയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിയോട് എംഎല്‍എമാര്‍ സമയം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഇദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. എല്ലാവര്‍ക്കും സമയം അനുവദിച്ചാല്‍ എങ്ങനെ സെഷന്‍ നടത്താനാകുമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യത്തോട് സ്പീക്കര്‍ പ്രതികരിച്ചത്.

“എനിക്ക് ഇത് നിയന്ത്രണത്തിലാക്കാനും വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ല.” എന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടര്‍ന്നാണ് സ്പീക്കര്‍ക്ക് മറുപടിയായി രമേശ് കുമാര്‍ “ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍, കിടന്ന് ആസ്വദിക്കൂ” എന്ന പരാമര്‍ശം നടത്തിയത്.

വ്യാപക പ്രതിഷേധമാണ് ഈ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ രമേഷ് കുമാര്‍ ആദ്യമായല്ല ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്.

തന്നെ ബലാത്സംഗ ഇരയോട് ഉപമിച്ച്‌ രമേശ് കുമാര്‍

2019-ല്‍ കര്‍ണാടക നിയമസഭയുടെ സ്പീക്കറായിരുന്നപ്പോള്‍ രമേശ് കുമാര്‍ തന്നെ ബലാത്സംഗ ഇരയുമായി താരതമ്യം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് 50 കോടി രൂപ കൈക്കൂലി വാങ്ങിയത് എങ്ങനെയെന്ന് പരാമര്‍ശിക്കുന്ന ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള വിവാദ ഓഡിയോ ക്ലിപ്പില്‍ തന്റെ പേര് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു രമേശ് കുമാറിന്റെ വിവാദ പ്രസ്താവന.

അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പുറത്തുവിട്ട ഓഡിയോ ടേപ്പുകളില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ചയായപ്പോള്‍, തന്റെ അവസ്ഥ ഒരു ബലാത്സംഗ ഇരയുടേത് പോലെയാണെന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

“ബലാത്സംഗം നടന്നതായി പരാതിപ്പെട്ടാല്‍ പ്രതിയെ ജയിലില്‍ അടയ്ക്കും. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അഭിഭാഷകര്‍ ചോദിക്കുന്നു. ഇത് എപ്പോള്‍ സംഭവിച്ചു, എത്ര തവണ? ബലാത്സംഗം ഒരിക്കല്‍ സംഭവിക്കുന്നു, പക്ഷേ നിങ്ങള്‍ കോടതിയില്‍ 100 ​​തവണ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇതാണ് എന്റെ അവസ്ഥ”, എന്നായിരുന്നു 2019-ല്‍ രമേശ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന. പിന്നീട് വനിതാ നിയമസഭാംഗങ്ങള്‍ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ രമേശ് കുമാര്‍ മാപ്പ് പറഞ്ഞു. 2020-ല്‍ നിയമസഭയില്‍ മോശം ഭാഷ ഉപയോഗിച്ചതിന് ഇദ്ദേഹം നടപടി നേരിട്ടിരുന്നു.

Facebook Comments Box

By admin

Related Post