Thu. Mar 28th, 2024

പശ്ചിമ ഘട്ടസംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോൺ-കോർ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്

By admin Dec 17, 2021 #news
Keralanewz.com

ന്യൂഡൽഹി : പശ്ചിമ ഘട്ടസംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോൺ-കോർ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്.

നോൺ-കോർ മേഖലയിൽ നിയന്ത്രണങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ(റെഡ് കാറ്റഗറി)ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവർത്തനങ്ങളും ഈ മേഖലയിൽ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇവിടെ കൃഷിക്ക് തടസ്സമുണ്ടാകില്ല. ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തുടരാം. സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നോൺ-കോർ മേഖലയിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന് നടപ്പാക്കാമെന്നും പൊതുവേയുള്ള മേൽനോട്ടമായിരിക്കും കേന്ദ്ര സർക്കാരിനുള്ളതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു.

കേരളത്തിലെ പാർലമെന്റംഗങ്ങളുമായി വ്യാഴാഴ്ച നടത്തിയ രണ്ടാം വട്ടം ചർച്ചയിലാണ് മന്ത്രി ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്. പരിസ്ഥിതി ലോല മേഖലയിൽനിന്ന് 1337.24 ചതുരശ്രകിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു.

പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് രണ്ടാഴ്ചമാത്രം ബാക്കി നിൽക്കേയാണ് ഈ ചർച്ച നടന്നത്.

പരിസ്ഥിതിലോല മേഖലയിൽനിന്ന് കൂടുതൽ പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് കേരളം ഉൾപ്പെടെെയുള്ള സംസ്ഥാനങ്ങൾ ആവശ്യമുയർത്തിയിരിക്കുന്നത്. 2018-ൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിച്ച ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതനുസരിച്ച് 2014-ൽ പരിസ്ഥിതി ലോല മേഖലയായി അടയാളപ്പെടുത്തിയ 9993.7 ചതുരശ്ര കിലോമീറ്ററിൽനിന്ന്, 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന് കേരളം ചർച്ചകളിൽ ആവർത്തിച്ചു.

എന്നാൽ, സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമായതിനാൽ, നിലവിലുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽപ്രദേശം പരിസ്ഥിതി ലോലമേഖലയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രം വ്യാഴാഴ്ച നടന്ന ചർച്ചയിൽ വ്യക്തമാക്കി. ജനജീവിതത്തെ തടസ്സപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഭൂപേന്ദ്ര യാദവ് യോഗത്തിൽ പറഞ്ഞു. നോൺ-കോർ വിഷയത്തിൽ ഇനി സംസ്ഥാനങ്ങളാണ് നിലപാട് അറിയിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നോൺ-കോർ മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം പാർലമെന്റംഗങ്ങളുമായി വീണ്ടും ചർച്ച നടത്താമെന്ന് ഭൂപേന്ദ്ര യാദവ് ഉറപ്പ് നൽകിയതായി എം.പി.മാർ പിന്നീട് പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ ഒറ്റക്കെട്ടായാണ് അംഗങ്ങൾ ഉന്നയിച്ചതെന്ന് യു.ഡി.എഫ്-എൽ.ഡി.എഫ് എം.പി.മാർ വെവ്വേറെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ

  • കൂടുതൽ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കാനാകില്ല. പകരം പരിസ്ഥിതിലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും നിയന്ത്രണങ്ങൾ കുറഞ്ഞ നോൺ-കോർ മേഖലയായും വിഭജിക്കാം.
  • ഈ രണ്ട് മേഖലകളും പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽത്തന്നെ തുടരും.
  • നോൺ-കോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കണം. ഇതിനായി സംസ്ഥാനങ്ങൾ ഒരു സമിതിയെ നിയോഗിക്കണം.
  • കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ നോൺ-കോർ മേഖലയിൽ നടത്താം.
  • പരിസ്ഥിതി മേഖലയുടെ പൊതു മേൽനോട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുണ്ടായിരിക്കും
Facebook Comments Box

By admin

Related Post