Fri. Apr 26th, 2024

കുപ്പിവെള്ളത്തിന് വിലകൂട്ടി സ്വകാര്യ കമ്പനികള്‍; ലിറ്ററിന് 20 രൂപ

By admin Dec 17, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ധിപ്പിച്ചത്. അതേസമയം, സർക്കാർ ഉത്പന്നമായ ഹില്ലി അക്വയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവില്‍ 13 രൂപ നിരക്കിലാണ് ഹില്ലി അക്വ വില്‍പ്പന നടത്തുന്നത്.

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ളത്തിന്റെ വില വര്‍ധിപ്പിച്ചത്

കുപ്പിവെള്ളത്തിന്‍റെ വില എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നു കേന്ദ്രസർക്കാർ രണ്ടു മാസത്തിനകം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. 

2020 മാര്‍ച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവു പ്രകാരം കുപ്പിവെള്ളം വില്‍ക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു. 13 രൂപയില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിരുന്നു.

1986ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 19/07/2019 ല്‍ ആണ് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു

Facebook Comments Box

By admin

Related Post