വിള ഇൻഷുറൻസ് പദ്ധതി: 31നകം രജിസ്റ്റർ ചെയ്യണം
കോട്ടയം: പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നീ പദ്ധതികളിൽ ഉൾപ്പെടുന്നതിന് കർഷകർക്ക് രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ നെൽകൃഷിയും വാഴയും മരച്ചീനിയും കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുളളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ്, മാവ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി, തിന മുതലായവ), പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെളളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളുമാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. അക്ഷയ / കോമൺ സർവീസ് കേന്ദ്രങ്ങൾ / അംഗീകൃത മൈക്രോ ഇൻഷുറൻസ് ഏജന്റുമാർ വഴിയും www.pmfby.gov.inഎന്ന പോർട്ടൽ മുഖേന നേരിട്ടും കർഷകർക്ക് പദ്ധതിയിൽ ചേരാം. അവസാന തീയതി ഡിസംബർ 31
അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി/പാട്ടച്ചീട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്തിട്ടുളള കർഷകരെ അതത് ബാങ്കുകൾക്ക് ചേർക്കാം. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. വിശദവിവരം കൃഷിഭവനുകളിലും 1800-425-7062 എന്ന ടോൾ ഫ്രീ നമ്പരിലും ലഭിക്കും