Thu. Mar 28th, 2024

ഓപ്പറേഷന്‍ ഡെസിബൽ: കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിലിറങ്ങുന്നവർക്ക് പിടിവീഴും

By admin Dec 20, 2021 #news
Keralanewz.com

തിരുവനന്തപുരം: കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിലൂടെ വാഹനത്തില്‍ പായുന്നവര്‍ക്ക് പിടിവീഴുമെന്നുറപ്പായി. ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തിറങ്ങി. രണ്ടായിരം രൂപയാണ് കുറഞ്ഞ പിഴ. പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

വാഹനങ്ങളിലെ നിര്‍മ്മിത ഹോണ്‍ മാറ്റി വലിയ ശബ്ദമുള്ള ഹോണുകള്‍ പലരും പിടിപ്പിക്കാറുണ്ട്. സിഗ്നലുകളി‍ല്‍ ചുവപ്പ് മാറി പച്ച തെളിയുമ്പോഴേക്കും പിന്നിലെ പല വാഹനങ്ങളില്‍ നിന്നും ഇത്തരം ഹോണ്‍ മുഴക്കും. ഓവര്‍ടേക്ക് ചെയ്യാന്‍ ലോറികളും ബസ്സുകളും കാതടിപ്പിക്കുന്ന ഇത്തരം ഹോണുകള്‍ മുഴക്കും. ബൈക്കിലെ സൈലന്‍സര്‍ അഴിച്ചുമാറ്റിയും പരിഷ്കരിച്ചും ഫ്രീക്കന്‍മാരും വലിയ ശബ്ദഘോഷവുമായി നിരത്തുകളിലിറങ്ങുന്നു. ഒട്ടേറെ പരാതികള്‍ ഗതാഗതക്കമീഷണര്‍ക്കും മന്ത്രിക്കും ലഭിച്ച സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഡെസിബല്‍ എന്ന പദ്ധതിക്ക് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍ഹോണുകള്‍, മള്‍ട്ടി ടോണ്‍ ഹോണുകള്‍, നിരോധിത മേഖലകളില്‍ ഹോണ്‍മുഴക്കുന്നവര്‍ എന്നിവരെയെല്ലാം പിടികൂടി പിഴ ചുമത്താനാണ് നിര്‍ദ്ദേശം. രണ്ടായിരം രൂപയാണ് കുറഞ്ഞ പിഴ.

തുടര്‍ച്ചയായുള്ള വലിയ ശബ്ദം കേള്‍വി തകരാറുണ്ടാക്കും. 90 ഡെസിബലിനു മുകളില്‍ ശബ്ദമുള്ള ഹോണുകള്‍ വാഹനങ്ങളില്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിനില്ലാത്തത് പലയിടത്തും തിരിച്ചടിയാണ്. ഓപ്പറേഷന്‍ ഡെസിബലുമായി ബന്ധപ്പെട്ട്, ഒന്നിടവിട്ട ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉറപ്പുവരുത്താന്‍ ഗതാഗതകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. പോലീസിന്‍റെ സഹായത്തോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോണ്‍രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

News Desk
Kottayam Minutes

Facebook Comments Box

By admin

Related Post