Kerala News

പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ കൊടുംതണുപ്പത്ത് നവജാതശിശു; തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു പോറലും പറ്റാതെ കാത്തുസൂക്ഷിച്ച്‌ പ്രസവിച്ചു കിടന്ന പെണ്‍നായ

Keralanewz.com

റായ്പുര്‍: ( 21.12.2021) ഛത്തീസ്ഗഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിക്കാതെ കൊടും തണുപ്പത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായി പെണ്‍നായ.

തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ഒരു പോറലും പറ്റാതെ പ്രസവിച്ചു കിടന്ന നായ കാത്തുസൂക്ഷിച്ചു.

മുംഗേലി ജില്ലയിലെ ലോര്‍മിയിലെ സരിസ്താല്‍ ഗ്രാമത്തിലെ വയലിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് അന്വേഷിച്ചെത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്.

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ കഠിനമായ തണുപ്പത്ത് വസ്ത്രംപ്പോലും ഇല്ലാതെയാണ് കുഞ്ഞിനെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നായയാണ് രാത്രിയില്‍ കുഞ്ഞിനെ സംരക്ഷിച്ചതെന്നും അതുകൊണ്ടാകാം കുട്ടിയെ പരുക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ ബാലാവകാശ കമിഷനും സ്ഥലത്തെത്തി.

ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു. എന്നാല്‍, ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ അവര്‍ക്ക് വിട്ടുനല്‍കുന്ന കാര്യം സംശയമാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Facebook Comments Box