Sun. Apr 28th, 2024

‘ലുലു ‍അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു’; ഹര്‍ജിയുമായി സിനിമ സംവിധായകന്‍; ഇടപെട്ട് ഹൈക്കോടതി‍; സര്‍ക്കാരിനും മാളിനും നോട്ടീസ്

By admin Dec 23, 2021 #lulu mall #parking
Keralanewz.com

കൊച്ചി: ഉപഭോക്താക്കളില്‍ നിന്ന് ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനും കേരള സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

അനധികൃത പാര്‍ക്കിംഗ് ഫീസ് ഇടാക്കിയെന്ന് ആരോപിച്ച്‌ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കനാണ് ഹൈക്കോടതില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ മാസം ലുലുവില്‍ ഷോപ്പിങ്ങിനായി എത്തിയപ്പോള്‍ 20 രൂപ വാഹനത്തിന്റെ പാര്‍ക്കിംഗ് ഫീസായി ഈടാക്കിയെന്ന് അദേഹം ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എന്‍. നാഗേഷ് സംസ്ഥാന സര്‍ക്കാരിനും ലുലു മാളിനും മാള്‍ സ്ഥിതി ചെയ്യുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിക്കും നോട്ടീസ് അയച്ചു. ലുലു മാളിന്റെ പ്രവൃത്തി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെയും 1994ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂളുകളുടെയും നഗ്നമായ ലംഘനമാണ്. ചട്ടപ്രകാരം മാള്‍ വാണിജ്യ സമുച്ചയമാണ്. അംഗീകൃത ബില്‍ഡിംഗ് പ്ലാനില്‍ പാര്‍ക്കിങ്ങിനായി സ്ഥലവും നീക്കിവക്കണം. ഇവിടെ എങ്ങനെയാണ് പണം വാങ്ങി വാഹനങ്ങള്‍ പാര്‍ക്കിംഗ് അനുവദിക്കുന്നത്.

ലുലു മാള്‍ പോലുള്ള വാണിജ്യ സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സ്ഥലം നല്‍കേണ്ടത് സ്ഥാപന മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ ലുലു പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇതിനെതിരെ കളമശ്ശേരി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ലുലു മാളിലെ പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്നും തന്നില്‍ നിന്ന് മാള്‍ അധികൃതര്‍ 20 രൂപ തിരികെ നല്‍കാന്‍ ഉത്തരവിടനമെന്നും പോളി വടക്കന്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ജോമി കെ ജോസും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി എസ് ശ്രീകുമാറും ഹാജരായയി.

Facebook Comments Box

By admin

Related Post