Fri. Mar 29th, 2024

ലോകത്ത്‌ കോവിഡ്‌ നാലാം തരംഗമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

By admin Dec 25, 2021 #omicron
Keralanewz.com

ന്യൂഡല്‍ഹി: ലോകം കോവിഡിന്റെ നാലാം തരംഗത്തിനാണ്‌ സാക്ഷ്യംവഹിക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്‌.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്‌ചാലത്തിലാണ്‌ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 358 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
ലോകത്താകമാനം വ്യാഴാഴ്‌ച ഒന്‍പതു ലക്ഷം പുതിയ കോവിഡ്‌ കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇത്‌ പുതിയ തരംഗത്തിന്റെ വ്യക്‌തമായ സൂചനയാണെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണ്‍ പറഞ്ഞു.
108 രാജ്യങ്ങളിലായി ഇതുവരെ ഒരു ലക്ഷത്തിലധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 26 മരണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയില്‍ 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 358 ഒമിക്രോണ്‍ കേസുകളുണ്ട്‌. ഇതില്‍ 114 പേര്‍ സുഖം പ്രാപിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്ര(88), ഡല്‍ഹി(67), തെലങ്കാന(38), തമിഴ്‌നാട്‌(34), കര്‍ണാടക(31), ഗുജറാത്ത്‌(30), കേരളം(27), രാജസ്‌ഥാന്‍(22) എന്നിവിടങ്ങളിലാണു കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്‌. ഹരിയാന, ഒഡീഷ, ജമ്മു കശ്‌മീര്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്‌, യു.പി, ചണ്ഡീഗഡ്‌, ലഡാക്ക്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
അതിനിടെ, വിവിധ സംസ്‌ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. മധ്യപ്രദേശിനു പിന്നാലെ ഉത്തര്‍പ്രദേശും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ്‌ നിയന്ത്രണം. യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഏഷ്യയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്‌. എങ്കിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.

Facebook Comments Box

By admin

Related Post