Kerala News

ആയിഷ അബുദാബിയില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കൊണ്ടുവന്നത് 179 പവന്‍ സ്വര്‍ണം; മുഹമ്മദ് റാഫി കടത്തിയത് കാര്‍ വാഷറിനുള്ളിലാക്കിയും; കണ്ണൂരില്‍ കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തത് ഒരുകോടി 14 ലക്ഷം രൂപയുടെ സ്വര്‍ണം

Keralanewz.com

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് പിടിച്ചെടുത്തത് ഒരുകോടി 14 ലക്ഷം രൂപയുടെ സ്വര്‍ണം. കാസര്‍ക്കോട് തളങ്കര സ്വദേശിനി ആയിഷ 1432 ​ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കൊണ്ടുവന്നപ്പോള്‍ കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി കാര്‍ വാഷറിനുള്ളിലാക്കി എത്തിച്ചത് 1100 ഗ്രാം സ്വര്‍ണമാണ്.

1,14,69,600 രൂപ വിലവരുന്ന 2360 ഗ്രാം സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എന്‍.സി.പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ രാജു, രാമല്‍, സന്ദീപ് കുമാര്‍, ദീപക്, ജുബര്‍ ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മുഹമ്മദ് റാഫിയില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാര്‍ വാഷറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ആയിഷയില്‍ നിന്ന് 1432 ഗ്രാം സ്വര്‍ണം പിടിച്ചു.മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ആറു ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്

Facebook Comments Box