Tue. May 7th, 2024

തിരുപ്പിറവിയുടെ ഓര്‍മപുതുക്കി ഇന്ന് ക്രിസ്തുമസ്

By admin Dec 25, 2021 #news
Keralanewz.com

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ്.ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായായാണ് ഓരോ ക്രിസ്തുമസും എത്തുന്നത്.ലോകത്തിലുള്ള ഏവരുടെയും മനസില്‍ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓര്‍മപ്പെടുത്തുന്നതും.എളിയവരില്‍ എളിയവനായി കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു ഓര്‍മ്മപ്പെടുത്തന്നതും അതുതന്നെയാണ്.

യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്ബ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍ മുഖേന അരുളി ചെയ്തത് പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌. (മത്തായി 1 : 18-23 അദ്ധ്യായം 1: 18-‏21 സുവിശേഷകനും വൈദ്യനുമായിരുന്ന ലൂക്കോസും ഇക്കാര്യം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു)

യേശുക്രിസ്തുവിന്റെ ജനനത്തിനും ‏നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അദ്ദേഹം കന്യാപുത്രനായിരിക്കുമെന്ന് യെശയ്യാവ് എന്ന പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്.”അതു കൊണ്ടു കര്‍ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും” ‘മശിഹാ’ (ക്രിസ്തു), ഇസ്രായേലിലെ ബേതലഹേമില്‍ ജനിക്കും എന്ന് യേശുക്രിസ്തുവിന്റെ ജനനത്തി‍നും വര്‍ഷങ്ങള്‍ക്ക് മുമ്ബേ മീഖാ എന്ന പ്രവാചകന്‍ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.

അഗസ്ത്യസ് സീസറുടെ ഉത്തരവനുസരിച്ച്‌ പേര്‍വഴി ചാര്‍ത്തുവാന്‍ ജനമൊക്കെയും ബത്ലഹേമിലേക്കുള്ള യാത്രയിലായിരുന്നു.മരപ്പണിക്കാരനായ ജോസഫ് ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്‍പ്പെട്ടവനായതുകൊണ്ട് പേര്‍വഴി ചാര്‍ത്തുവാന്‍ ഗലീലയിലെ നസ്രത്ത് പട്ടണത്തില്‍ നിന്നും ബത്ലഹേമിലേക്ക് പോകേണ്ടിയിരുന്നു.അങ്ങനെയാണ് പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യ മറിയത്തിനെയും ഒപ്പം കൂട്ടി അയാള്‍ യാത്ര തിരിക്കുന്നത്.പക്ഷെ ഇതിനിടയ്ക്ക് മറിയത്തിനു പേറ്റുനോവ് ഉണ്ടാകുകയും സത്രത്തിലെങ്ങും സ്ഥലം കിട്ടായ്കയാല്‍ അടുത്തുകണ്ട കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന് പിറക്കേണ്ടി വന്നതും.

“റബ്ബീ..! ” ജോസഫ് ശബ്ദമില്ലാതെ വിളിച്ചുകൊണ്ട്. ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തി.

രണ്ടു മൂന്ന് ആട്ടിടയന്‍മാര്‍ തങ്ങളുടെ ആട്ടിന്‍പറ്റവുമായി അവരുടെ മുമ്ബിലൂടെ റോഡ് മുറിച്ച്‌ കടന്നു.പെട്ടെന്ന് അതില്‍ ഒരാള്‍ തിരിഞ്ഞു നിന്നു.

സാധാരണ അവര്‍ സന്ധ്യക്കു മുമ്ബേ മടങ്ങുന്നവരാണ്.അന്ന് ബത്ലഹേമിലേക്കുള്ള റോഡില്‍ ഉണ്ടായ അനിയന്ത്രിതമായ തിരക്കു കാരണം തങ്ങളുടെ ആട്ടിന്‍പറ്റവുമായി റോഡ് മുറിച്ചു കടക്കാന്‍ വയ്യാതെ വൈകിപ്പോയതായിരുന്നു.

“നിങ്ങള്‍ ബത്ലഹേമിലേക്ക് പോകുന്നവരാണോ?”

“അതെ.”

“എവിടെ നിന്ന് വരുന്നു?”

“നസ്റത്തില്‍ നിന്നും.”

“ഈ സ്ഥിതിയിലുള്ള ഒരു സ്ത്രീയേം കൊണ്ട്. അതും ഈ നേരത്ത്! നിങ്ങളുടെ ഭാര്യയാണോ ഇത് ?”

“അതെ.സത്രങ്ങളിലൊന്നിലും ഇടം കിട്ടിയില്ല.”

“ങും..”

“ഇവിടെ അടുത്തെങ്ങാനും തല്‍ക്കാലത്തേക്കെങ്കിലും ഒന്നു വിശ്രമിക്കാന്‍..”

“ഇനിയങ്ങോട്ട് സത്രങ്ങളൊന്നുമില്ല.വീടുകളിലും ആരും അഭയം തരാന്‍ സാധ്യതയില്ല.പിന്നെയുള്ളത്.ങാ.. ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാല്‍ മലകളുടെ അടിവാരത്തായി നിറയെ തൊഴുത്തുകളുണ്ട്.ജറുസലേമിലേക്ക് പോകുന്ന കച്ചവടക്കാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന സ്ഥലമാണ്.വാതിലും കതകുമൊന്നും കാണില്ല.എന്നാലും.”

“നന്ദി സഹോദരാ.. ദൈവം നിങ്ങളെ

അനുഗ്രഹിക്കട്ടെ.”

മഞ്ഞും നിലാവും ഒരുമിച്ചു പെയ്യുന്ന രാത്രികളുടെ കാലമായിരുന്നു അത്.ബത്ലഹേമിലെ കുന്നിന്‍ ചെരുവുകളില്‍ ഒലിവ് മരങ്ങളും ദേവദാരുക്കളും പൂത്തു നിന്നിരുന്നു.ആകാശത്ത് അസംഖ്യം നക്ഷത്രങ്ങളും!

Facebook Comments Box

By admin

Related Post