Kerala News

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Keralanewz.com

കൊച്ചി: സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സമാധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്കിടെയായിരുന്നു പരാമര്‍ശം.

സാധാരണ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിക്കാറുള്ളത്. എന്നാല്‍ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷം ഒഴിവാക്കാനായി കര്‍ദിനാള്‍ സെന്റ് തോമസ് മൗണ്ടില്‍ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു. എകീകൃത കുര്‍ബാന ക്രമം അനുസരിച്ചാണ് കര്‍ദിനാള്‍ ദിവ്യ ബലി അര്‍പ്പിച്ചത്.

അതേസമയം സെന്റ് മേരീസ് ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന നടന്നു. പള്ളി വികാരി ഫാദര്‍ ഡേവിഡ് മാടവന കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ തിരുപ്പിറവി ദിവ്യബലി അര്‍പ്പിച്ചു. പുത്തന്‍കുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്കു ശ്രേഷ്ഠ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

Facebook Comments Box