National News

നേരത്തേയുള്ള രോഗത്തിന്റെ പേരില്‍ മെഡിക്ലെയിം നിഷേധിക്കരുത്: സുപ്രീംകോടതി

Keralanewz.com

ന്യൂഡല്‍ഹി: ഏതെങ്കിലുമൊരു പോളിസിയില്‍ അംഗമായ, മെഡിക്കല്‍ ക്ലെയിമിന് അര്‍ഹതയുള്ള വ്യക്തി അസുഖബാധിതനായാല്‍ അതിനു കാരണം പോളിസി എടുക്കുന്നതിന് മുന്‍പുള്ള രോഗമാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ബി.വി. നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
പോളിസി എടുക്കുമ്പോള്‍ തന്റെ അറിവിലുള്ള രോഗവിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടത് പോളിസി ഉടമയുടെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. രോഗവിവരം അന്വേഷിച്ച് ഉറപ്പുവരുത്തേണ്ട ചുമതല കമ്പനിയുടേതാണ്. പോളിസി നല്‍കിയാല്‍ പിന്നെ അതുമായി ബന്ധപ്പെട്ട എല്ലാ അനുകൂല്യങ്ങള്‍ക്കും പോളിസി ഉടമയ്ക്ക് അവകാശമുണ്ട്.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ മന്‍മോഹന്‍ നന്ദ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധി. നന്ദ അമേരിക്കയിലേക്ക് പോകുന്നതിനുമുന്‍പ് ഓവര്‍സീസ് മെഡിക്ലെയിംഹോളിഡെ’ പോളിസി എടുത്തിരുന്നു. യാത്രയ്ക്കിടെ സാന്‍ഫ്രാന്‍സിസ്‌ക്കോ വിമാനത്താവളത്തില്‍വെച്ച് ഹൃദാഘാതമുണ്ടായി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാവുകയും ഹൃദയധമനിയിലെ തടസ്സം മാറ്റാന്‍ മൂന്ന് സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു.
നാട്ടിലെത്തിയശേഷം ചികിത്സച്ചെലവ് തിരികെ ലഭിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ ഇന്‍ഷുറന്‍സ് കമ്പനി നിരസിച്ചു. പോളിസി എടുക്കുന്നതിന് മുന്‍പുതന്നെ നന്ദയ്ക്ക് ഹൈപ്പര്‍ലിപിഡെമിയ (അധിക കൊളസ്‌ട്രോള്‍), പ്രമേഹം എന്നിവയുണ്ടായിരുന്നുവെന്നും ഇവയാണ് ഹൃദയാഘാതത്തിന് കാരണമെന്നും കമ്പനി വാദിച്ചു. മുന്‍പുള്ള രോഗവിവരം മറച്ചുവെച്ചുവെന്ന് നിരീക്ഷിച്ച് നന്ദയുടെ പരാതി ദേശീയ ഉപഭോക്തൃ പരാതിപരിഹാര കമ്മിഷനും തള്ളി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്

Facebook Comments Box