Thu. May 2nd, 2024

എട്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആറില്‍ ഒരാള്‍ അതിഥിതൊഴിലാളിയാകും

By admin Dec 30, 2021 #news
Keralanewz.com

തിരുവനന്തപുരം: അടുത്ത എട്ടുവര്‍ഷത്തിനിടെ കേരളത്തിലെ അതിഥിതൊഴിലാളികളുടെ എണ്ണം സംസ്ഥാനജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം. 2017-18ല്‍ കേരളത്തില്‍ 31.4 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഇത് 2030ഓടെ 60 ലക്ഷത്തോളമായി ഉയരുമെന്നാണ് നിഗമനം. അപ്പോള്‍ കേരള ജനസംഖ്യ 3.60 കോടിയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇവാല്വേഷന്‍ വിഭാഗത്തിന്റെ ‘അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിത തൊഴില്‍ മേഖലയും നഗരവത്കരണവും’ എന്ന പഠനറിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
മികച്ച ശമ്പളവും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമാണ് കേരളത്തെ അതിഥിതൊഴിലാളികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. 2017-18ലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ സംസ്ഥാനത്തെത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ഓടെ 45.7 ലക്ഷം മുതല്‍ 47.9 ലക്ഷംവരെയായി ഉയരും. 2030ഓടെ 55.9 ലക്ഷം മുതല്‍ 59.7 ലക്ഷംവരെയായും ഉയരും. കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായാല്‍ ഇവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മറ്റുസംസ്ഥാനങ്ങളില്‍നിന്നുമെത്തി ദീര്‍ഘകാലമായി കേരളത്തില്‍ കുടുംബമായും മറ്റും തുടരുന്നവര്‍ 10.3 ലക്ഷമാണ്. ഇവരുടെ എണ്ണം മൂന്നുവര്‍ഷംകൊണ്ട് 13.2 ലക്ഷമായും എട്ടുവര്‍ഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. അതുപോലെ, മൂന്നോനാലോ മാസംമാത്രം ജോലിചെയ്യാനെത്തുന്ന ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വര്‍ഷത്തില്‍ 21.1 ലക്ഷം മാത്രമാണ്. 2015ഓടെ ഇവരുടെ എണ്ണം 34.4 ലക്ഷമായും 2030ഓടെ 44 ലക്ഷമായും ഉയരും.
നിലവില്‍ ഏറ്റവും കൂടുതല്‍ അതിഥിതൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മാണമേഖലയിലാണ്17.5 ലക്ഷം പേര്‍. ഉത്പാദനമേഖലയില്‍ 6.3 ലക്ഷവും കൃഷി അനുബന്ധമേഖലയില്‍ മൂന്നു ലക്ഷംപേരും ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലയില്‍ 1.7 ലക്ഷം പേരും അതിഥിതൊഴിലാളികളായുണ്ട്.

Facebook Comments Box

By admin

Related Post