Thu. Mar 28th, 2024

ഫെബ്രുവരി ഒന്നിനും 15നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം

By admin Jan 9, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിനും 15നും ഇടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആര്‍ മൂല്യം) അടിസ്ഥാനത്തില്‍ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്നാണ് പഠനം നടത്തിയത്.
ഒരു രോഗിയില്‍നിന്ന് എത്രപേര്‍ക്ക് രോഗം പകരുമെന്ന കണക്കാണ് ആര്‍ മൂല്യം. ജനുവരി ഒന്നു മുതല്‍ ആറുവരെ ഇത് നാലായി ഉയര്‍ന്നിരുന്നു. ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍ മൂല്യം. രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകും.

പ്രാഥമിക വിശകലനത്തില്‍ ആര്‍ മൂല്യം ക്രമാതീതമായി ഉയരുകയാണ്.
വാക്‌സിനേഷന്‍, സാമൂഹിക അകലം തുടങ്ങിയവയുടെ സ്വാധീനം മൂന്നാംതരംഗത്തില്‍ കാണാനാകും. വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നെങ്കിലും ആളുകള്‍ സാമൂഹികഅകലം പാലിക്കാന്‍ തയ്യാറായിരുന്നില്ല. ഒന്നാം തരംഗത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും കേസുകളുടെ എണ്ണം ഉയര്‍ന്നു. മൂന്നാം തരംഗത്തില്‍ സാമൂഹിക അകലം പാലിക്കല്‍ കുറവായതിനാല്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വളരെ ഉയര്‍ന്നതാകാം. ഏകാന്തവാസവും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നതോടെ ആര്‍ മൂല്യം കുറഞ്ഞേക്കാം.


പകര്‍ച്ചവ്യാപന സാധ്യത, സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ മൂല്യം കണക്കാക്കുന്നതെന്നും ഐ.ഐ.ടി. മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. വൈറസ് പിടിപെട്ട 10 പേരില്‍നിന്ന് ശരാശരി എത്രപേര്‍ക്ക് കോവിഡ് പകരുമെന്നതാണ് പരിശോധിക്കുന്നത്. ആര്‍ മൂല്യം ഒന്ന് ആണെങ്കില്‍ ഓരോ 10 പേരും ശരാശരി 10 പേര്‍ക്കുകൂടി വൈറസിനെ നല്‍കുന്നെന്ന് അര്‍ഥം. ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. 2020ല്‍ കോവിഡിന്റെ തുടക്ക ഘട്ടത്തില്‍ 1.7 ആയിരുന്നു ആര്‍ മൂല്യം. ഇത് 1.83 ആയി വര്‍ധിച്ചതോടെ വ്യാപനം പാരമ്യത്തിലെത്തി. അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇത് താഴേക്കു വന്നത്. ഒന്നിന് താഴെയെത്തിയാല്‍മാത്രമേ മഹാമാരി അവസാനിച്ചെന്ന് കണക്കാക്കാന്‍ സാധിക്കൂ

Facebook Comments Box

By admin

Related Post