ട്രാൻസ്‌ജന്റേഴ്‌സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ; പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ട്രാൻസ്‌ജന്റേഴ്‌സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പൊലീസ് സംഘടന അഭിപ്രായപ്പെട്ടു . ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള സംവരണം ആധുനിക ലോകത്തിന് ചേരുന്നതല്ല. യോഗ്യരായ മിടുക്കർ പൊലീസിലേക്ക് കടന്ന് വരണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയും നിയോഗിച്ചിരുന്നു