Mon. May 6th, 2024

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങിയിട്ട് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ല:ഹൈക്കോടതി

By admin Jan 11, 2022 #news
Keralanewz.com

കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന് വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
1994 മുതല്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞ് ഇവിടെ വീട് പണിതു. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്.
ഇതിനുശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, അനുയോജ്യമായ സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസന്‍സി നല്‍കിയ പരാതിയില്‍ അനുയോജ്യ സ്ഥലം കിട്ടുന്നതുവരെ ഷാപ്പ് അവിടെത്തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരേ വീട്ടമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.
ഇതിനെതിരേ കള്ളുഷാപ്പ് ലൈസന്‍സി നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു. മാറ്റി സ്ഥാപിക്കാന്‍ എതിര്‍പ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയില്‍ വേറെയുള്ളത് ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരിക്കും കഴിഞ്ഞില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്

Facebook Comments Box

By admin

Related Post