വായ്പ നിഷേധിച്ചു; യുവാവ് ബാങ്കിന് തീയിട്ടു;ബാങ്കുകാരുടെ ഒത്തുകളിയെന്ന് നാട്ടുകാര്‍
ബംഗളൂരു: വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് ബാങ്കിന് തീയിട്ടു.ഇതേത്തുടര്‍ന്ന് ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുള്‍പ്പെടെ 16 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു.
കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്ക് ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം.ബാങ്കിന് തീയിട്ട രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
അതേസമയം ബാങ്കിലെ ജീവനക്കാര്‍ക്കും തീവെയ്പ്പില്‍ പങ്കുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ബാങ്കിന് തീയിട്ടശേഷം കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയതും. വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും വസീമിന് ബാങ്ക് മാനേജര്‍ വായ്പയനുവദിച്ചില്ല. ഇതില്‍ നിരാശനായ വസീം കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ പെട്രോളുമായി ബാങ്കിലെത്തി. ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തില്‍ ഒന്നാം നിലയിലുള്ള ബാങ്കിന്റെ ജനലുകള്‍ തകര്‍ത്ത് അകത്തുകടന്ന് ഉപകരണങ്ങളില്‍ പെട്രോളൊഴിച്ചു തീകൊടുക്കുകയായിരുന്നു.വായ്പ നിഷേധിച്ചതിനാണ് താന്‍ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി.ചില തെളിവുകളും പ്രദേശവാസികള്‍ പോലീസ് കൈമാറിയിട്ടുണ്ട്