സ്വന്തം പൊക്കം പോലുമില്ലാത്ത ജനലില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, ഇടുക്കിയില്‍ ഭര്‍ത്താവ് കുടുങ്ങിയതിങ്ങനെ

Spread the love
       
 
  
    

കട്ടപ്പന:ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) അറസ്റ്റിലായത്.

മാര്‍ച്ച് 29നു പുലര്‍ച്ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.

27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കി 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടെ വിവാഹം നടത്തിയത്. കൂടാതെ അമലിന് മാല, കൈച്ചെയിന്‍ തുടങ്ങിയവയും വീട്ടിലേക്കുള്ള ഫര്‍ണിച്ചറും നല്‍കിയിരുന്നു. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു അപ്പോള്‍ ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് ഓര്‍ക്കുന്നു.

മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം.

മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന വാദവും മര്‍ദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്.

അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകള്‍ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി പറഞ്ഞു. അമലിനെ കോടതി റിമാന്‍ഡ് ചെയ്തു.

Facebook Comments Box

Spread the love