Thu. Apr 25th, 2024

ജി.എം. റബ്ബർതൈ നടാൻ അനുമതി,സഫലമായത് റബ്ബർ ബോർഡിന്റെ 18 വർഷത്തെ കാത്തിരിപ്പ്

By admin Jun 24, 2021 #news
Keralanewz.com

കോട്ടയം : ജനിതകമാറ്റം വരുത്തിയ റബ്ബർതൈ പരീക്ഷണാടിസ്ഥാനത്തിൽ മണ്ണിൽ നട്ടതോടെ സഫലമായത് റബ്ബർ ബോർഡിന്റെ 18 വർഷത്തെ കാത്തിരിപ്പ്. 2003-ലാണ് കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ബയോടെക്നോളജി വിഭാഗം ജി.എം. റബ്ബർതൈ വികസിപ്പിച്ചത്. പിന്നീടും ലാബ് പരീക്ഷണങ്ങൾ തുടർന്നു.

2010-ൽ കേന്ദ്രസർക്കാർ ജി.എം. റബ്ബർതൈ നടാൻ അനുമതി നൽകി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള ജെനറ്റിക് എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റിയുടെയും അനുമതിയും കിട്ടി.

ഇതിനിടെയാണ്, ബി.ടി. വഴുതനയുമായി ബന്ധപ്പെട്ട വിവാദം. ഇതോടെ, സംസ്ഥാന സർക്കാരുകളുടെ അനുമതികൂടി നേടിയേ ഫീൽഡ് ട്രയൽ നടത്താവൂയെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. മഹാരാഷ്ട്രയിലെയും കേരളത്തിൽ ചേത്തയ്ക്കലിലെയും റബ്ബർ ബോർഡ് ഫാമുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടാനും അനുമതി കിട്ടി. എന്നാൽ, കേരള, മഹാരാഷ്ട്ര സർക്കാരുകൾ അനുമതി നൽകിയില്ല. പിന്നീടും, പല സംസ്ഥാനങ്ങളെയും സമീപിച്ചെങ്കിലും 2016-ൽ അസം സർക്കാരാണ് അനുവാദം കൊടുത്തത്.

വരുന്ന ഏഴുവർഷം ജി.എം. റബ്ബർതൈയുടെ വളർച്ച, രോഗപ്രതിരോധശേഷി, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷി എന്നിവ റബ്ബർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നിരീക്ഷിക്കും.

റബ്ബർ ബോർഡിന്റെ അത്യുത്‌പാദനശേഷിയുള്ള ആർ.ആർ.ഐ.ഐ-105 എന്ന ഇനത്തിലാണ് ജനിതകപരീക്ഷണം നടത്തിയത്. റബ്ബറിലെ പട്ടമരപ്പിനെ അതിജീവിക്കുന്നതിനും പാലുത്പാദനം കൂട്ടുന്നതിനുംമറ്റും ലക്ഷ്യമിട്ടുള്ള പരീക്ഷണം റബ്ബർ ഗവേഷണകേന്ദ്രത്തിൽ തുടരുന്നുമുണ്ട്

Facebook Comments Box

By admin

Related Post