Kerala News

പങ്കാളി കൈമാറ്റ കേസ്: ഇടപെടാന്‍ ആകില്ല, സദാചാര പോലീസ് ആകാന്‍ വയ്യെന്ന് ജില്ലാ പോലീസ് മേധാവി

Keralanewz.com

കോട്ടയം: പങ്കാളി കൈമാറ്റ കേസില്‍ നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ രംഗത്ത്. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇത്തരം ഇടപെടല്‍ ഫലത്തില്‍ മോറല്‍ പോലീസിംഗ് ആയി ഇതു മാറും എന്ന് പോലീസ് മേധാവി പറഞ്ഞു. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് നടപടി എടുക്കാന്‍ ആകു എന്നും ഡി ശില്പ വ്യക്തമാക്കി. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

കോട്ടയത്ത് നിലവില്‍ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത്. ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്‍കി. അതാണ് കേസില്‍ നിര്‍ണായകമായത് എന്നും ജില്ലാ പോലീസ് മേധാവി. കോട്ടയം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടിക്കാന്‍ പോലീസിന് ആയത്

ആദ്യ ദിവസങ്ങളില്‍ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസില്‍ അറസ്റ്റില്‍ ആകാന്‍ ഉള്ളത്. ഇതില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത് എന്നും പോലീസ് വ്യക്തമാക്കുന്നു. ഇയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Facebook Comments Box