Kerala News

പിതാവിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ മതം, ജാതി, വിശ്വാസം എന്നിവയ്ക്ക് പങ്കില്ല ഹൈക്കോടതി

Keralanewz.com

കൊച്ചി: പിതാവെന്നനിലയിലുള്ള ചുമതല നിശ്ചയിക്കുന്നതില്‍ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് ഹൈക്കോടതി. ഇരു മതവിശ്വാത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്കുണ്ടായ മകള്‍ക്ക് ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.


വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകള്‍ക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നല്‍കാന്‍ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടതിന് എതിരേയായിരുന്നു അപ്പീല്‍.
ഹിന്ദുമതത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ പിതാവാണ് അപ്പീല്‍ നല്‍കിയത്. മുസ്‌ലിംമതവിശ്വാസിയായിരുന്നു മാതാവ്. മകള്‍ക്ക് മൂന്നു വയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.
മാതാവ് പിന്നീട് വിവാഹിതയായി. മൂന്നു വയസ്സുമുതല്‍ കുട്ടിയെ വളര്‍ത്തിയത് മാതാവിന്റെ മാതാപിതാക്കളായിരുന്നു. മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് വളര്‍ത്തിയത്. മാതാപിതാക്കളെ എതിര്‍കക്ഷിയാക്കിയാണ് ജീവനാംശത്തിനായി കുടുംബക്കോടതിയില്‍ മകള്‍ ഹര്‍ജി നല്‍കിയത്.


ഇരുമതത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതില്‍ നിലവില്‍ നിയമമില്ല. 1984ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടും ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നു.
എന്നാല്‍, യു.എന്‍. കണ്‍വെന്‍ഷന്‍ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അവകാശത്തെ 1992ല്‍ ഇന്ത്യയും അംഗീകരിച്ചതാണെന്നതും കോടതി കണക്കിലെടുത്തു.


വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നല്‍കണമെന്നത് ഹൈക്കോടതി മൂന്നു ലക്ഷമായി കുറച്ചു. സ്വര്‍ണം വാങ്ങാനാണ് കൂടുതല്‍ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ഇതിനുപുറമേ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നല്‍കണമെന്നും നിര്‍ദേശിച്ചു

Facebook Comments Box