Sun. Apr 28th, 2024

‘ബാങ്കി’ല്‍ നിന്ന്​ വിളിച്ചു, ആപ്പ്​ കയറ്റി; അക്കൗണ്ടിലെ 9.5 ലക്ഷം രൂപ സ്വാഹ!

By admin Feb 1, 2022 #bank online scam
Keralanewz.com

താനെ: ആപ്പ്​ പ്രവൃത്തിക്കാത്തതിനെ തുടര്‍ന്ന്​ ബാങ്കില്‍ വിളിച്ച്‌​ പരാതിപ്പെട്ടയാളുടെ അക്കൗണ്ടില്‍നിന്ന്​ 9.53 ലക്ഷം രൂപ നഷ്​ടമായി. മഹാരാഷ്ട്രയിലെ താനെയില്‍ 53കാരനായ മുന്‍ നാവിക സേന ഉദ്യോഗസ്​ഥനാണ്​ തട്ടിപ്പിനിരയായത്​.

ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടുള്ള ഇദ്ദേഹം ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനരഹിതമായതിനാല്‍ ജനുവരി 23ന് കസ്റ്റമര്‍ കെയര്‍ ഡെസ്‌കുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്​ ബാങ്കില്‍നിന്ന്​ എന്ന പേരില്‍ ഒരു ഫോണ്‍കോള്‍ വന്നു.

മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ചപ്പോഴാണ്​ നിലവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ബദ്‌ലാപൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ 9.53 ലക്ഷം രൂപ പിന്‍വലിച്ചതെന്ന്​ ബദ്‌ലാപൂര്‍ (വെസ്റ്റ്) പൊലീസ് അറിയിച്ചു.

കസ്റ്റമര്‍ സര്‍വിസ് സെല്‍ എക്‌സിക്യൂട്ടീവ്​ എന്ന പേരിലാണ്​ ഫോണ്‍ വന്നത്​. ‘AnyDesk’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്​ ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ആരായുകയും ചെയ്തു. പിന്നീട് യൂസര്‍ ഐഡിയും പാസ്‌വേഡും മാറിയെന്നും ആപ്പ് ഉപയോഗിക്കാമെന്നും ഇയാള്‍ അക്കൗണ്ട്​ ഉട​മയോട്​ പറഞ്ഞു.

എന്നാല്‍, ജനുവരി 24ന് തന്‍റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബര്‍ മാറിയതായി ബാങ്കില്‍ നിന്ന് യുവാവിന് സന്ദേശം ലഭിച്ചു. അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ബാങ്കില്‍ പോയപ്പോഴാണ്​ തന്‍റെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് 9,53,363 രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി വിവരം ലഭിച്ചതെന്ന്​ ഇ​ദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 (വഞ്ചന), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

Facebook Comments Box

By admin

Related Post