Thu. Apr 18th, 2024

മുല്ലപ്പെരിയാര്‍ ഡാം;കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു

By admin Feb 19, 2022 #kerala #mullapperiyr
Keralanewz.com

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പുതിയ ഡാം പണിയുമെന്ന നയപ്രഖ്യപനത്തോടെയാണ് വീണ്ടും തര്‍ക്കം ഉടലെടുത്തത്.

ഹരജിയില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കുന്ന ദിവസം വിഷയം ഉയര്‍ത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം.

ഡാമിന്റെ കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും പരിഗണിച്ച്‌ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാട് കേരളം ആവര്‍ത്തിക്കും.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശത്തോടെയാണ് ചെറിയ ഇടവേളക്ക് ശേഷം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പുതിയ തര്‍ക്കത്തിന് തുടക്കമായത്. ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം നടക്കുമ്ബോള്‍ വിഷയം ഉയര്‍ത്തിക്കാട്ടാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സത്യവാങ്മൂലം തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കും. എന്നാല്‍ സുപ്രീം കോടതി വിധി ലംഘിച്ചിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട കാര്യം നയപ്രഖ്യപനത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നുമാണ് കേരളത്തിന്റെ നിലപാട്.

തമിഴ്‌നാടുമായി പരസ്യ തര്‍ക്കത്തിലേക്ക് പോകാന്‍ കേരളം എന്നാല്‍ ആഗ്രഹിക്കുന്നുമില്ല. ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്ന് മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചതിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഡാമിന്റെ കാലപ്പഴക്കവും പ്രകൃതി ദുരന്തങ്ങളും പരിഗണിച്ച്‌ പുതിയ ഡാം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് പരമാവധി 142 അടിയാക്കാമെന്ന ഭരണഘടനാബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്നും വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും എഴുതി നല്‍കിയ വാദത്തിലൂടെ കഴിഞ്ഞ ദിവസം കേരളം സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.അന്തിമ വാദത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ കോടതി അടുത്ത ആഴ്ച തന്നെ തീരുമാനമെടുക്കും.

Facebook Comments Box

By admin

Related Post