Kerala News

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ഇന്ന് യാഥാര്‍ത്ഥ്യമാവും, മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

Keralanewz.com

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ശനിയാഴ്ച (ഫെബ്രുവരി 19) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ വൈകിട്ട് മൂന്നിനു സംഘടിപ്പിക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന്് രാവിലെ 10ന് നവകേരള കര്‍മ്മ പരിപാടി, സംയോജിത തദ്ദേശ സ്വയംഭരണ സര്‍വ്വീസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിഷയാവതരണം നടത്തും. നവകേരളം കര്‍മ്മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്ബര്‍ പ്രൊഫ.ജിജു പി. അലക്സ്, ഗ്രാമപഞ്ചാത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.സുരേഷ്, ബ്ലോക്ക്പഞ്ചാത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എം. കൃഷ്ണന്‍, അഡ്വ.ഡി. സുരേഷ് കുമാര്‍, എം.ഒ. ജോണ്‍, പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ്(അര്‍ബന്‍) സെക്രട്ടറി ബിജു പ്രഭാകര്‍, തദ്ദേശസ്വയംഭരണ വകുപ്പ്(അര്‍ബന്‍) ഡയറക്ടര്‍ ഡോ. രേണുരാജ്, എം.പി.അജിത്ത് കുമാര്‍, ഡോ.ജോയ് ഇളമണ്‍, പ്രമോദ്കുമാര്‍ സി.പി, ജോണ്‍സണ്‍ കെ തുടങ്ങിയവര്‍ മറുപടി നല്‍കും.

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനവും സെമിനാറും സ്വരാജ് ട്രോഫി വിതരണവും മഹാത്മാ പുരസ്‌കാര സമര്‍പ്പണവും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും തത്സമയം പ്രദര്‍ശിപ്പിക്കും. www.facebook.com/mvgovindan, www.facebook.com/kilatcr, www.youtube.com/kilatcr എന്നിവയിലൂടെ പരിപാടികള്‍ വീക്ഷിക്കുവാന്‍ സാധിക്കും. തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ ഫെബ്രുവരി 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാതല ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യും.

Facebook Comments Box