Mon. Apr 29th, 2024

തദ്ദേശഭരണ പൊതുസര്‍വിസ്: ജീവനക്കാരുടെ സീനിയോറിറ്റിയും അട്ടിമറിക്കുമെന്ന് ആശങ്ക

By admin Mar 14, 2022 #lsgd
Keralanewz.com

തിരുവനന്തപുരം: തദ്ദേശഭരണ പൊതുസര്‍വിസ് രൂപവത്കരണം ജീവനക്കാരുടെ സീനിയോറിറ്റിയെയും അട്ടിമറിക്കുമെന്ന് ആശങ്ക.

3500 ഓളം മുനിസിപ്പല്‍ ജീവനക്കാര്‍ 15,000 ത്തിലേറെ വരുന്ന പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും ജീവനക്കാര്‍ ആശങ്കപ്രകടിപ്പിക്കുന്നു. പൊതുസര്‍വിസ് രൂപവത്കരിച്ചതോടെ പ്രാഥമിക മേഖലയുടെയും ദ്വിതീയ- ത്രിതീയ മേഖലകളുടെയും വികസനം താളംതെറ്റിക്കുമെന്ന ആക്ഷേപങ്ങള്‍ക്കൊപ്പമാണ് ജീവനക്കാരും ആശങ്കകളുമായി രംഗത്തെത്തിയത്.

പൊതുസര്‍വിസ് ഭരണഘടനവിരുദ്ധമാണെന്നും കണ്ടിന്‍ജന്‍റ് ജീവനക്കാരെ ഇതില്‍നിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്നുമുള്ള വാദങ്ങളും ഇപ്പോള്‍ ചര്‍ച്ചയിലാണ്. നഗരസഭ, പഞ്ചായത്ത്, ഗ്രാമവികസനം വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ഫെബ്രുവരിയില്‍ തദ്ദേശഭരണ പൊതുസര്‍വിസ് രൂപവത്കരണം യാഥാര്‍ഥ്യമായത്. വിവിധ വകുപ്പുകള്‍ സംയോജിപ്പിക്കുമ്ബോള്‍ ജീവനക്കാരുടെ സീനിയോറിറ്റിയും സേവനദൈര്‍ഘ്യവും പരിഗണിച്ചുവേണം സീനിയോറിറ്റി നിശ്ചയിക്കേണ്ടതെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ആശ്രിത നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച േക്വാട്ട പാലിച്ചായിരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പഞ്ചായത്ത് ജീവനക്കാരില്‍ സീനിയോറിറ്റിയുള്ള ജീവനക്കാര്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലും മുനിസിപ്പല്‍ മേഖലയില്‍ 12-15 വര്‍ഷംവരെ സേവന ദൈര്‍ഘ്യമുള്ളവര്‍ യു.ഡി ക്ലര്‍ക്ക് തസ്തികയിലുമാണുള്ളത്. നിലവിലെ 941 പഞ്ചായത്ത് ജീവനക്കാര്‍ സീനിയറായി മാറുകയും മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും ജീവനക്കാര്‍ അവര്‍ക്ക് കീഴില്‍ ജൂനിയറായി മാറുകയും ചെയ്യുന്ന സാഹചര്യമാണ്. ഇപ്പോള്‍തന്നെ മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് സംബന്ധമായ പല കേസുകളും കോടതികളിലും മറ്റ് ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും നടന്നുവരുകയുമാണ്.

ക്രിമിനല്‍ -സിവില്‍ കോടതികളുടെ സംയോജനം, റവന്യൂ- സര്‍വേ ജീവനക്കാരുടെ സംയോജനം തുടങ്ങി വകുപ്പുകളുടെ കാര്യങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അതേ സങ്കീര്‍ണതകളാണ് തദ്ദേശഭരണ പൊതുസര്‍വിസിലും ഉടലെടുക്കാന്‍ പോകുന്നതെന്നാണ് ആരോപണം.

നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ഭരണം സംബന്ധിച്ച്‌ നിയമങ്ങളും ചട്ടങ്ങളും വളരെയധികം വ്യത്യസ്തമായതും പുതിയ വെല്ലുവിളിയാണ്. ഒറ്റ തദ്ദേശഭരണവകുപ്പെന്ന എ.ഡി.ബിയുടെ നയസമീപനമാണ് ഇതുവഴി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നത്.

Facebook Comments Box

By admin

Related Post