Kerala News

ശിവരാത്രി: ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Keralanewz.com

ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ അറിയിച്ചു.

മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി 148 ബലിത്തറകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവ നല്‍കും. പെരിയാറില്‍ ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ദ്ധരുടെയും സ്‌ക്യൂബ ടീമിന്റെയും സേവനമുണ്ടാകും. സുരക്ഷയ്ക്കായി റൂറല്‍ എസ്.പി കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പൊലീസ് സേനയുമുണ്ടാകും.

വാട്ടര്‍ അതോറിറ്റി, ആലുവ നഗരസഭ എന്നിവ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും.

കെ.എസ്.ആര്‍ടിസി ആലുവയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. വടക്കേ മണപ്പുറത്ത് ബസ് പാര്‍ക്കിംഗിന് താത്ക്കാലിക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ആലുവ ശിവരാത്രി ഡ്യൂട്ടിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും പ്രസിഡന്റ് അറിയിച്ചു. വിമുക്ത ഭടന്‍മാര്‍, വോളന്റിയര്‍ സംഘങ്ങള്‍ തുടങ്ങിയവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

Facebook Comments Box