Kerala News

6 ജില്ലകളിലെ താപനില ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കും; സൂര്യാതപത്തിനു സാധ്യത,സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Keralanewz.com

കേരളത്തില്‍ 6 ജില്ലകളിലെ താപനില, ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ ഇന്നലെ രേഖപ്പെടുത്തി – 38.7 ഡിഗ്രി സെല്‍ഷ്യസ്.

കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ജില്ലകളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുള്ളതെന്നാണ് അറിയിപ്പ്. ഈ ജില്ലകളില്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഇന്ന് ഉയര്‍ന്നേക്കാം. 33 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമാണ് ഈ ജില്ലകളില്‍ സാധാരണ അനുഭവപ്പെടേണ്ട ശരാശരി ചൂട്. ഇവിടങ്ങളില്‍ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു. വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും വേനല്‍മഴ കുറഞ്ഞതും ചൂടു വര്‍ധിക്കാന്‍ കാരണമായെന്നാണു വിലയിരുത്തല്‍.

പാലക്കാട് പട്ടാമ്ബി, തൃശൂര്‍ വെള്ളാനിക്കര, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ഇന്നലെ, താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
പകല്‍ 11 മുതല്‍ 3 മണി വരെയുളള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാതപത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. തൊഴില്‍ സമയം പുനഃക്രമീകരിച്ച്‌ ഉത്തരവിടുമെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ പുനലൂരില്‍ ഇന്നലെ, ഗ്രേസിങ് ബ്ലോക്ക് വാര്‍ഡ് കൗണ്‍സിലറും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ദിനേശനു സൂര്യാതപമേറ്റു. ഇരുകൈകളിലും കഴുത്തിന്റെ വശത്തും കാലിലുമാണു പൊള്ളല്‍.

Facebook Comments Box