Thu. May 2nd, 2024

യു.പി, പഞ്ചാബ്, കേരളം പിന്നെ കോണ്‍ഗ്രസും

By admin Mar 15, 2022 #congress party #kerala #punjab #up
Keralanewz.com

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയെന്ന് വിളിക്കുന്ന യു.പിയില്‍ 1985ന് ശേഷം ഇതാദ്യമായി തുടര്‍ഭരണമുണ്ടായി.

അത് തീവ്രഹിന്ദുത്വ വികാരമുയര്‍ത്തി വിട്ട് പ്രചാരണം നയിച്ച ബി.ജെ.പി കൊണ്ടുപോയി. 403 സീറ്റുകളില്‍ 399 ലും മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ ജയിക്കാനായി. 2017ല്‍ ഏഴ് സീറ്റ് കിട്ടിയത് വച്ചുനോക്കുമ്ബോള്‍ കോണ്‍ഗ്രസ് പപ്പടം പോലെ പൊടിഞ്ഞു. സമാജ് വാദി പാര്‍ട്ടി മാനംകാക്കുന്ന പോരാട്ടം നടത്തിയിട്ടും യോഗി ആദിത്യനാഥിനെ കീഴ്പ്പെടുത്താനായില്ല.

പ്രിയങ്കഗാന്ധി നേരിട്ടിറങ്ങി നാടിളക്കാന്‍ നോക്കിയിട്ടും യോഗിയെയോ ബി.ജെ.പിയെയോ തളയ്ക്കാനായില്ല. കര്‍ഷകസമരത്തിനിടെ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയുടെ പുത്രന്‍ വാഹനമിടിച്ച്‌ കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരിയില്‍ പോലും ബി.ജെ.പി വന്‍വിജയം നേടി. ഭരണകക്ഷിയുടെ ഒത്താശയുള്ള ക്രിമിനലുകളാല്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പ്രിയങ്കഗാന്ധി കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറക്കിയിട്ടും ഹസ്രത്തില്‍ ബി.ജെ.പിയ്‌ക്ക് തന്നെയായിരുന്നു വിജയം. ഫലത്തില്‍, ആളും ആരവവും പണവും വലിയ പ്രചാരണതന്ത്രങ്ങളുമൊക്കെയായി കളം നിറഞ്ഞ ബി.ജെ.പിക്ക് മുന്നില്‍ കോണ്‍ഗ്രസ് കാലഹരണപ്പെട്ട പുണ്യവാളന്മാര്‍ മാത്രമായി നിലംപതിച്ചു. നെഹ്റു കുടുംബത്തിന്റെ മഹിമയും കൊണ്ട് കാലം കഴിക്കാമെന്നല്ലാതെ ഇനിയങ്ങോട്ടുള്ള യാത്രയില്‍ രാജ്യത്ത് കോണ്‍ഗ്രസിന് എങ്ങനെ തിരിച്ചുകയറാമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

പഞ്ചാബിലാകട്ടെ കഷ്ടാല്‍ കഷ്ടതരമാണ് സംഗതി. സ്വയം കൃതാനര്‍ത്ഥം കോണ്‍ഗ്രസ് വരുത്തിവച്ച വിന. പഞ്ചാബികള്‍ അല്പം കൂടി ചിന്തിച്ച്‌ വോട്ടുചെയ്തെന്ന് പറയാം. അവര്‍ സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും വിലയിരുത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തോടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തോടും അവര്‍ രോഷം കാട്ടി. കര്‍ഷകസമരത്തിന്റെ സ്വാധീനം കേന്ദ്രവിരുദ്ധവികാരത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു വര്‍ഷത്തോളം സമരത്തോട് മുഖം തിരിച്ചുനിന്ന മോദിസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ അവര്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസിനെയും ശിരോമണി അകാലിദളിനെയും പിന്തുണച്ച വോട്ടര്‍മാരില്‍ മൂന്നിലൊന്ന് പേരും ഇരുകക്ഷികളുടെയും പെരുമാറ്റത്തിലുള്ള വിപ്രതിപത്തി കാട്ടിയപ്പോള്‍ തുണയായത് ആംആദ്മി പാര്‍ട്ടിക്കാണ്. ഉത്തരഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളുടെ കാര്യം പ്രത്യേകിച്ച്‌ പറയുന്നില്ല. ബി.ജെ.പിയും അവരുടെ തീവ്രഹിന്ദുത്വ ദേശീയവാദവും കുറേക്കൂടി പരന്നുതുടങ്ങിയെന്ന് സാമാന്യമായി പറയാം.

യു.പി നല്‍കിയ മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നടത്തിയ കഠിനാദ്ധ്വാനത്തിന് നേരിയ ഫലമുണ്ടായിട്ടുണ്ട്. പക്ഷേ അത് ബി.ജെ.പിയെ മറികടക്കാന്‍ പോന്നതായില്ല. നഗര, ഇടത്തരം നഗര മേഖലകളിലെല്ലാം ബി.ജെ.പി തേരോട്ടം നടത്തി. വോട്ട് വിഹിതവും 2017നേക്കാളുയര്‍ന്നു. ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്ന ആഘാതമാണ് യു.പിയിലെ സമ്ബദ്‌വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യം. 2017നെ അപേക്ഷിച്ച്‌ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം 16 ലക്ഷത്തോളം കൂടി. 2012-17 കാലത്തെ വച്ചുനോക്കുമ്ബോള്‍ സംസ്ഥാന ജി.ഡി.പിയുടേത് ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ്. വിലക്കയറ്റം രൂക്ഷം. ദാരിദ്ര്യസൂചികയില്‍ യു.പി ഏറ്റവും താഴെയാണ് നീതി ആയോഗിന്റെ കണക്കില്‍. എന്നിട്ടും യോഗി ആദിത്യനാഥ് 1985ന് ശേഷം യു.പിയില്‍ തുടര്‍ഭരണം നേടുന്ന മുഖ്യമന്ത്രിയായി. എട്ട് വര്‍ഷത്തെ കേന്ദ്ര, സംസ്ഥാന ബി.ജെ.പി ഭരണകാലത്തെ ദുരിതങ്ങളിലല്ല വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ് അളവുകോലുകളെന്ന് ഈ ഫലം വ്യക്തമാക്കുന്നുണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകയായ സീമ ചിസ്തി ചൂണ്ടിക്കാട്ടുന്നു.(കടപ്പാട്: ദി ഹിന്ദു)

ഹിന്ദുത്വ വികാരം ആളിക്കത്തിച്ചുള്ള പ്രചാരണത്തിലാണ് യോഗി മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചതെന്ന് പറയാം. കൊവിഡ് മഹാമാരിക്കാലത്തെ ദുരിതത്തിനിടയില്‍ യു.പി വിധാന്‍സഭ പാസാക്കിയ ഏകനിയമം മതപരിവര്‍ത്തനം തടയല്‍ നിയമമാണ്. യു.പിയിലെ സാഹചര്യത്തില്‍ അത് പ്രധാനമായും മിശ്രവിവാഹത്തിന് തുനിയുന്ന മുസ്ലിം യുവാക്കള്‍ക്ക് നേരേയുണ്ടാകുന്ന ആള്‍ക്കൂട്ടാക്രമണത്തിന് നിയമപരിരക്ഷ നല്‍കാന്‍ മാത്രമാണ്. അറവുശാലകളും തുകല്‍നിര്‍മാണശാലകളും അടച്ചിട്ടത് നിരവധി മുസ്ലിങ്ങളുടെ അന്നംമുട്ടിക്കുന്ന തീരുമാനമായിട്ടും ഇസ്ലാമോഫോബിയയുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്ന ജനസാമാന്യം അടങ്ങിയിരുന്നു. പക്ഷേ, യോഗി വെറുതെയിരുന്നില്ല. ആളുകളിലേക്ക് ക്ഷേമാനുകൂല്യങ്ങളെത്തിക്കാന്‍ അദ്ദേഹം മികച്ച യത്നം നടത്തി. ആളുകളിലേക്ക് പണം നേരിട്ടെത്തി. വര്‍ഗീയലഹളകള്‍ക്ക് ശമനമുണ്ടായി. ഇസ്ലാമോഫോബിയ വളര്‍ത്തി ഹിന്ദു- മുസ്ലിം വേര്‍തിരിവ് ശക്തമാക്കിക്കൊണ്ടാണ് അത് സാധിച്ചെടുത്തതെന്നതാണ് വൈരുദ്ധ്യം. ഹിന്ദുവോട്ടര്‍മാരും ബി.ജെ.പിയും തമ്മിലൊരു വൈകാരിക അടുപ്പം സ്ഥാപിച്ചെടുക്കുന്നതില്‍ വിജയിച്ച മുഖ്യമന്ത്രിയാണ് യോഗി. ഹിന്ദുവോട്ടര്‍മാരുടെ സാമാന്യയുക്തിയെ നിശ്ചയിച്ചെടുത്തത് ഹിന്ദു-മുസ്ലിം വേര്‍തിരിവ് സൃഷ്ടിച്ചുകൊണ്ടായിരുന്നു.

ജനതയെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള ക്രമസമാധാന പാലനമാണ് യോഗി സാധിച്ചെടുത്തതെന്ന് നിരീക്ഷിക്കുന്നുണ്ട്, രാഷ്ട്രീയഗവേഷകനും കോളമിസ്റ്റുമായ അസിം അലി. ഹിന്ദു കുടക്കീഴില്‍ അണിനിരന്നാല്‍ യാദവ, മുസ്ലിം ‘ക്രിമിനലു’കളില്‍ നിന്ന് സുരക്ഷിതരായിരിക്കാമെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ യോഗി വിജയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ അടിച്ചമര്‍ത്തി. പശുക്കടത്ത്, ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങളുയര്‍ത്തി മുസ്ലിങ്ങളെ സാമൂഹ്യവിരുദ്ധരാക്കി നിറുത്തി. സ്വരക്ഷ കണക്കിലെടുത്ത് മുസ്ലിങ്ങളൊക്കെ പശുക്കളെയും പോത്തുകളെയും കൊണ്ടുപോകുന്നത് പോലും നിറുത്തി. ബീഫ് നിരോധനമാണല്ലോ.

ഇവിടെ നിന്നുകൊണ്ടാണ് യോഗിയും ബി.ജെ.പിയും തീവ്ര ഹിന്ദുത്വ ദേശീയതാവാദം ശക്തമാക്കിയത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പണാധിപത്യത്തിന്റെയും വന്‍തോതിലുള്ള കേന്ദ്രീകരണം സാദ്ധ്യമാക്കിക്കൊണ്ടുള്ള പ്രചണ്ഡപ്രചാരണത്തെ അതിജീവിക്കാന്‍ മൃദുഹിന്ദുത്വമെന്നല്ല, സാമാന്യരീതിയിലുള്ള സാമൂഹ്യപ്രചാരണ വഴി കൊണ്ടുപോലും സാധിക്കണമെന്നില്ല. അവിടെയാണ് മൂന്ന് വര്‍ഷമായി ശക്തമായ പ്രതിപക്ഷം പോലുമാകാന്‍ കെല്പില്ലാതെ ഉഴലുന്ന കോണ്‍ഗ്രസ്, നെഹ്റു കുടുംബത്തിന്റെ പഴയ പ്രതാപകാലത്തെ അയവിറക്കി നേട്ടമുണ്ടാക്കാമോ എന്ന് നോക്കുന്നത്. ജനം ഊറിച്ചിരിച്ചില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടത്!

കേരളത്തിലേക്ക് വന്നാല്‍

രാജസ്ഥാനിലും ഛത്തീസ്ഗഢിലും പേരിന് മഹാരാഷ്ട്രയിലും മാത്രമാണ് കോണ്‍ഗ്രസ് ഇന്ന് അധികാരത്തിലുള്ളത്. ഇതില്‍ത്തന്നെ മഹാരാഷ്ട്രയില്‍ ശിവസേന- എന്‍.സി.പി സഖ്യത്തില്‍ ഒരു കക്ഷിയായി മാത്രമാണ് പ്രാതിനിദ്ധ്യം. കോണ്‍ഗ്രസിന് ശക്തി അവശേഷിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ മുന്നിലായി കേരളമുണ്ട്. രാഹുല്‍ഗാന്ധി പോലും യു.പിയിലെ അമേത്തിയിലെ പള്‍സ് തിരിച്ചറിഞ്ഞിട്ട് മത്സരിക്കാന്‍ വയനാട്ടില്‍ വന്നത് അതുകൊണ്ടാണല്ലോ.

എന്നാല്‍ എന്താണിവിടത്തെ കാഴ്ച. കേരളത്തില്‍ അഞ്ച് വര്‍ഷവും സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ വരെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടും വിശ്വാസ്യതയുള്ള പ്രതിപക്ഷമായി ഉയരാന്‍ കോണ്‍ഗ്രസിനായില്ല. ഫലമോ, വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

അടിത്തറ ശക്തമാക്കിക്കൊണ്ടും ക്ഷേമാനുകൂല്യങ്ങളിലൂന്നിയും ഭരണത്തുടര്‍ച്ച നേടിയെടുത്ത ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോഴും ശക്തിക്ഷയമേശാതെ തുടരുന്നു. എന്നാല്‍ രണ്ടാമതും പ്രതിപക്ഷത്തായ കോണ്‍ഗ്രസിനകത്ത് തൊഴുത്തില്‍കുത്ത് വന്‍തോതിലാണ്. തോല്‍വിക്ക് ശേഷം നേതൃമാറ്റമുണ്ടായി. പുതിയ നേതൃത്വത്തെ അംഗീകരിക്കാനിപ്പോഴും വിമ്മിഷ്ടം കാട്ടുന്ന പഴയ നേതൃത്വത്തെ കാണാം.

നിയമസഭയില്‍ ശക്തിയായ വാദഗതികളുയര്‍ത്തിയും പരിസ്ഥിതി വിഷയങ്ങളിലടക്കം നിലപാടുകളുയര്‍ത്തിപ്പിടിച്ചും നേരത്തേ തന്നെ വി.ഡി. സതീശനുണ്ടായിരുന്ന സ്വീകാര്യത കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്. പക്ഷേ തൊഴുത്തില്‍കുത്തും ഡി.സി.സി പുന:സംഘടന പോലും നേരാം വണ്ണം പൂര്‍ത്തിയാക്കാനാവാത്തതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സ്ഥിതിയാണ്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നടത്തിയ ചില പുന:സംഘടനകളിലും അതിന് മുമ്ബ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളിലുമെല്ലാം എ.ഐ.സി.സിയുടെ സംഘടനാ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ വല്ലാതെ കൈകടത്തി അധീശത്വമുറപ്പിക്കാന്‍ ശ്രമിക്കുന്നെന്ന തോന്നല്‍ ചില മുതിര്‍ന്ന നേതാക്കളില്‍ ശക്തം. അഞ്ച് സംസ്ഥാനങ്ങളിലെ പുതിയ തിരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ വേണുഗോപാലിന്റെ കഴിവുകേടാണ് രാജ്യവ്യാപകമായി തന്നെ ചര്‍ച്ച. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിലെ വിമതസ്വരങ്ങളായ ജി-23 നേതാക്കള്‍ വേണുവിനെതിരാണ്.

വേണുവിനെതിരെ കേരളത്തിലും സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്. വ്യക്തിവിരോധത്താലുള്ള കടന്നാക്രമണമാണെന്ന് വ്യാഖ്യാനിക്കാമെങ്കില്‍ പോലും വേണുഗോപാലിനെതിരെ വിമര്‍ശനങ്ങളെ പാടേ തള്ളിക്കളയാനാവില്ല. അഹമ്മദ് പട്ടേല്‍ വരെയുള്ളവര്‍ ഇരുന്ന എ.ഐ.സി.സിയുടെ സംഘടനാ ജനറല്‍സെക്രട്ടറി സ്ഥാനത്ത് വേണുഗോപാല്‍ വരുമ്ബോള്‍ അദ്ദേഹത്തിന് പൊതുസമൂഹത്തില്‍ മുന്‍പേയുള്ള പരിവേഷവും പരിശോധിക്കപ്പെടുമെന്നുറപ്പ്. കേരളത്തിലെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ത്ത നേതാവാണ്. അത് രാഷ്ട്രീയ പകപോക്കലായി കോണ്‍ഗ്രസുകാര്‍ ചിത്രീകരിക്കുമ്ബോഴും പല നേതാക്കള്‍ക്കുമെതിരെ വരാത്ത കേസിലേക്ക് ഇദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടത് യാദൃശ്ചികമായി മാത്രം കരുതാനാകുമോ?

വേണുഗോപാലിനെതിരെ മൊഴി നല്‍കിയ ഇരയുടെ പരാതിയിന്മേല്‍ സംസ്ഥാനസര്‍ക്കാര്‍ ആ കേസ് സി.ബി.ഐക്ക് വിട്ടു. അങ്ങനെ സി.ബി.ഐ അന്വേഷിക്കുന്ന കേസിലും പ്രതിസ്ഥാനത്താണ് വേണുഗോപാല്‍. അങ്ങനെ കളങ്കിതമുഖം അദ്ദേഹത്തിനുണ്ട്. എ.ഐ.സി.സി സംഘടനാ ജനറല്‍സെക്രട്ടറി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പ്രചരണത്തിനിറങ്ങാത്തതിലൊരു സി.ബി.ഐ പേടിയുണ്ടെന്ന് പോലും സൈബര്‍ പോരാളികള്‍ പ്രചരിപ്പിക്കുന്നു.

അശോക് ചവാന്‍ സമിതിയുടെ ഗതി

കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഐ.സി.സി നിയോഗിച്ചതായിരുന്നു അശോക് ചവാന്‍ സമിതി. ചവാന് പുറമേ മനീഷ് തിവാരിയും ജ്യോതി മണിയുമായിരുന്നു അംഗങ്ങള്‍. ഇവര്‍ എല്ലാ സംസ്ഥാനങ്ങളിലെയും പ്രമുഖരായ നേതാക്കളില്‍ നിന്നെല്ലാം മൊഴിയെടുത്തു. 80 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നല്‍കിയായിരുന്നു ഇത്. ചവാന്‍സമിതി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 200 നേതാക്കള്‍ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ടാണ്. മിനക്കെട്ട് പഠിച്ച്‌ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി പോലും പരിഗണനയ്ക്കെടുത്തില്ല എന്നറിയുമ്ബോഴാണ് കോണ്‍ഗ്രസ് എന്തൊരു തമാശയാണെന്ന് ബോദ്ധ്യപ്പെടുക.

അന്ന് ഗുലാം നബി ആസാദ് ഈ വിഷയമുയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കേണ്ടത് അദ്ധ്യക്ഷയാണെന്ന് പറഞ്ഞൊഴിഞ്ഞത് കെ.സി. വേണുഗോപാലായിരുന്നു. ഇനി വേണുഗോപാലിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ? ആര്‍ക്കറിയാം!

യു.പി തിരഞ്ഞെടുപ്പ് ഫലം 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. ബി.ജെ.പി അതിന്റെ പ്രതാപം കൂട്ടിയിരിക്കുന്നു. അതിന് തടയിടാന്‍ ചെറിയ കളികളൊന്നും പോരാ. അവിടെ കോണ്‍ഗ്രസ് ഈ തട്ടിക്കൂട്ട് കലാപരിപാടികളുമായി എത്രനാള്‍ പിടിച്ചുനില്‍ക്കും!

Facebook Comments Box

By admin

Related Post