Kerala News

ഫയല്‍ വൈകിപ്പിച്ചാലോ മോശം പെരുമാറ്റത്തിനോ ഇനി മൂട്ടന്‍ പണി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉഴപ്പുമാറ്റി ജോലിയുടെ നല്ലപാഠം പകരാന്‍ സര്‍ക്കാര്‍

Keralanewz.com

തിരുവനന്തപുരം: എത്രയൊക്കെ നല്ല രീതിയില്‍ പ്രവൃത്തിച്ചാലും സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച്‌ കാലാകലങ്ങളായുള്ള കാ്‌ഴ്‌ച്ചപ്പാടില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.ഈ ദുഷ്‌പേര് പരിഹരിക്കാന്‍ ഒരു വിഭാഗം നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും പതിവില്‍ നിന്ന് മാറാത്ത ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കതിരെയുള്ള ഈ ദുഷ്‌പേര് നിലനിര്‍ത്താനും കാരണമാകുന്നു.എന്നാല്‍ ഇതിനൊരു പരിഹാരം കണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയെ മാതൃകപരമാക്കാനുള്ള ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത്.സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതി അടിമുടി മാറ്റിക്കൊണ്ടാണ് ഈ പരിഷ്‌കാരത്തിന് സര്‍ക്കാര്‍.

കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്നോടിയാണ് ഈ നടപടി. ജനങ്ങളോടുള്ള ഇടപെടല്‍ തന്നെയാണ് ഇതില്‍ പരിഗണിക്കുന്നു മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാം.ഫയല്‍ അകാരണമായി വച്ചു താമസിപ്പിക്കുക, ജനങ്ങളോടു മോശമായി പെരുമാറുക, ജോലിസമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയവ വിലയിരുത്തപ്പെടും.ഫണ്ട് വൈകിപ്പിച്ചാലും പ്രശ്‌നമാണ്. മേലുദ്യോഗസ്ഥര്‍ ആയിരിക്കും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുക. 3 വര്‍ഷത്തെ പ്രകടനം വിലയിരുത്തും.

ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ മാറും. ഇതിലൂടെ, കാര്യക്ഷമത ഇല്ലാത്തവര്‍ക്കു സ്ഥാനക്കയറ്റം നിഷേധിക്കാം.ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാകും. ഇതു സംബന്ധിച്ച ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതു സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് പുറത്തിറക്കി.

സ്ഥാനക്കയറ്റം തീരുമാനിക്കുമ്ബോള്‍ സര്‍വീസിനു പുറമേ 3 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും പരിഗണിക്കാറുണ്ട്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത് ഇപ്പോള്‍ കോളം പൂരിപ്പിക്കല്‍ മാത്രമാണെന്നും ജോലിയുടെ മേന്മയോ അളവോ മാനദണ്ഡമാക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ഉദ്യോഗസ്ഥര്‍ക്ക് എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ് നല്‍കിയിരുന്നത് മാര്‍ക്കിലേക്ക് മാറും. ഗ്രേഡിനു പല പോരായ്മകളും ഉള്ളതായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതിനു വ്യക്തമായ കാരണം നല്‍കാതിരിക്കുക എന്നിവയെല്ലാം പ്രശ്‌നങ്ങളാണ്. ഉദ്യോഗസ്ഥന്റെ ജോലി ഭാരമോ നിലവാരമോ വിലയിരുത്താന്‍ വ്യവസ്ഥയില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നത് ഇനി 20 ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങള്‍ക്കു നല്‍കുന്ന പരിഗണന, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വെല്ലുവിളി നേരിടാനുമുള്ള കഴിവ്, ടീം വര്‍ക്ക്, നേതൃപാടവം, ആശയവിനിമയ ശേഷി, തീരുമാനം എടുക്കാനുള്ള കഴിവ്, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള മികവ്, സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി, സമ്മര്‍ദ സാഹചര്യത്തില്‍ ജോലി ചെയ്യാനുള്ള കഴിവ്, ആസൂത്രണ മികവ്, ലക്ഷ്യം കൈവരിക്കാനുള്ള കഴിവ്, മറ്റുള്ളവര്‍ക്കു നല്‍കുന്ന പ്രചോദനം, പരിശീലനം, പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാനുള്ള ശ്രദ്ധ തുടങ്ങി 20 കാര്യങ്ങളാണ് വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 10 വരെ മാര്‍ക്കാണു നല്‍കുക.

ഉദ്യോഗസ്ഥരുടെ ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള പ്രകടനം വിലയിരുത്തി ഓണ്‍ലൈനായിട്ടാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. ആത്മാര്‍ഥതയും സത്യസന്ധതയും വിലയിരുത്താനും വ്യവസ്ഥയുണ്ട്. അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമാക്കണം. വിലയിരുത്തല്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വ്യക്തിയെ രേഖാമൂലം അറിയിക്കണം. അതിനോടു വിയോജിപ്പുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു രേഖപ്പെടുത്താം.

വിയോജിപ്പ് മേലധികാരി സ്വീകരിക്കുന്നില്ലെങ്കില്‍ ഇക്കാര്യം റഫറല്‍ ബോര്‍ഡിനു വിടണമെന്ന് ആവശ്യപ്പെടാം. അന്തിമ മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റഫറല്‍ ബോര്‍ഡ് തീരുമാനമെടുക്കും. ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും.

മാര്‍ക്കും വിലയിരുത്തലും

1, 2 മാര്‍ക്ക് മോശം പ്രകടനം

3, 4 ശരാശരിയില്‍ താഴെ

5 ശരാശരി.

6,7,8 നല്ലത്.

9,10 മികച്ചത്.

1,2,9,10 മാര്‍ക്കുകള്‍ നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കൂടി വ്യക്തമാക്കണം. മാര്‍ക്ക് അഞ്ചോ അതില്‍ താഴെയോ ആണെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ പരിശീലനം ഉണ്ടാകും.

Facebook Comments Box