Mon. Apr 29th, 2024

കാരുണ്യയില്‍ മരുന്ന് ‍വാങ്ങാന്‍ കുറിപ്പുമായെത്തി മന്ത്രി വീണാ ജോര്‍ജ്; മരുന്നില്ലെന്ന് മറുപടിയുമായി ജീവനക്കാരി; നടപടിയെടുക്കാന്‍ നിര്‍ദേശം

Keralanewz.com

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.കഴിഞ്ഞ ദിവസം രാത്രി ഒമ്ബതേകാലോടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിലെ ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു. രാത്രിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കുണ്ടെന്നും അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലാക്കിയെന്നു മന്ത്രി പറഞ്ഞു.

അത്യാഹിത വിഭാഗത്തില്‍ നിന്നും മന്ത്രി പിന്നീട് വാര്‍ഡുകളാണ് സന്ദര്‍ശിച്ചത്. അപ്പോഴാണ് പത്തൊമ്ബതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്നും കിട്ടുന്നില്ലെന്ന പരാതി അറിയിച്ചത്. അദ്ദേഹത്തില്‍ നിന്നും മന്ത്രി മരുന്നിന്റെ കുറുപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തുകയായിരുന്നു. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു.

മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ചെന്ന വ്യക്തിയോട് ദേഷ്യപ്പെട്ടു. പിന്നാലെ മാസ്‌ക് ധരിച്ച്‌ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്ബ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിക്കുകയും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച്‌ കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം മന്ത്രി നല്‍കുകയുമായിരുന്നു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ എം എസ്.സി.എല്‍ന് മന്ത്രി നിര്‍ദേശം നല്‍കി.

Facebook Comments Box

By admin

Related Post