മീനച്ചിൽ നദീതടത്തെ പ്രളയത്തിൽ നിന്നും രക്ഷിക്കുവാൻ മീനച്ചിൽ ഡാം പദ്ധതികൾ എന്ന് നടപ്പാക്കും, പഴുക്കാക്കാനം ഡാം പദ്ധതി ഇഴയുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മീനച്ചിൽ നദീതട പ്രദേശത്ത് പ്രത്യേകിച്ച് മീനച്ചിൽ താലൂക്ക് മേഖലയിൽ നൂറ്റാണ്ടുകളായി ജൂൺ മുതൽ ഡിസംബർ വരെയുള്ള മഴക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിവ്യഷ്ടി മൂലം സൃഷ്ടിക്കപ്പെടുന്ന പ്രളയക്കെടുതികളിൽ നിന്നും മീനച്ചിൽ നദീതടത്തെ രക്ഷിക്കുവാൻ മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മലനിരകളിലെ മീനച്ചിലാറിൻ്റെ ഉത്ഭവസ്ഥാനങ്ങളിൽ നദിക്കു കുറുകെ ഡാമുകൾ കെട്ടി മഴക്കാലത്ത് ജലം സംഭരിച്ചു നിർത്തി പ്രളയക്കെടുതി കുറയ്ക്കുവാൻ ഉള്ള പദ്ധതികൾക്ക് അടിയന്തിര തുടർ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകളുടെ യോഗം സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകളായി മീനച്ചിലാർ മഴക്കാലത്ത് കരകവിയുകയും ആഴ്ചകളോളം നദീതടത്തെ പ്രളയജലത്തിൽ മുക്കി ദുരന്തം വിതക്കുകയും ജനജീവിതം ദുഃസഖമാക്കുകയും വൻ നഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നിട്ടും ഒരു ശ്വാശ്വത പരിഹാരം കണ്ടെത്തി നടപ്പാക്കുവാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല എന്ന് യോഗം കുറ്റപ്പെടുത്തി.മീനച്ചിൽ റിവർ വാലി പദ്ധതി യുടെ ഭാഗമായി ഡാമുകൾ വിഭാവനം ചെയ്തു എങ്കിലും രാഷ്ടീയ കാരണങ്ങളാൽ നടപ്പാക്കിയില്ല. വാഗമൺ വഴിക്കടവിൽ ഡാം കെട്ടി വെള്ളം ഇടുക്കി റിസർവോയറിലേക്ക് തിരിച്ചുവിട്ടതു മാത്രമാണ് നടപ്പാക്കിയത്.മറ്റു ഡാം പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുവാനുള്ള ഇച്ഛാശക്തി ജില്ലാ ഭരണകൂടം ഇനിയെങ്കിലും കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മീനച്ചിൽ താലൂക്കിലെ മൂന്നിലവ് പഴുക്കാക്കാനത്ത് മീനച്ചിലാറിന് കുറുകെ ഡാം കെട്ടുവാൻ 2014-ൽ ജലവിഭവ വകുപ്പ് ജി.ഒ. (ആർ.ടി) നം.832/2014/ഡബ്ല്യു.ആർ.ഡി/22-08 2014 പ്രകാരം 131 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നുവെങ്കിലും അതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളോട് ജില്ലാ ഭരണകൂടം കാണിച്ച കടുത്ത അലംഭാവവും അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്  തുടർച്ചയായ വർഷങ്ങളിലെ വൻ പ്രളയക്കെടുതികൾക്കും വ്യാപക നഷ്ടങ്ങൾക്കും കാരണമായതെന്ന് യോഗം ആരോപിച്ചു.

പാലാ പോലുള്ള വ്യാപാര മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വൻ നഷ്ടമാണ് ഓരോ പ്രളയകാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മീനച്ചിൽ നദീതടത്തിലെ പ്രളയം വേമ്പനാട് കായൽമേഖല വരെ വർഷം തോറും വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ അഞ്ച് വർഷമായി മീനച്ചിൽ താലൂക്കിലെ വൃഷ്ടി മേഖലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത് ഇതോടൊപ്പം വൻതോതിൽ ഉരുൾപൊട്ടലുകളും ഉണ്ടാകുന്നു. ഈ മേഖലയിൽ മഴക്കാല പ്രളയജലം സംഭരിച്ചു നിർത്തി വെള്ളപ്പൊക്കം തടയുക എന്നതു മാത്രമാണ് പ്രളയത്തിൽ നിന്നും പാലാ മുതലുള്ള പ്രദേശങ്ങളെ വൻ നഷ്ട കഷ്ടതകളിൽ നിന്നും രക്ഷിക്കുവാൻ ഏറ്റവും കരണീയമായ മാർഗ്ഗം എന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

സംഭരിച്ചു നിർത്തുന്ന വെള്ളം വേനൽക്കാലത്ത് പൂർണ്ണമായും വറ്റിവരളുന്ന മീനച്ചിലാറിനെ നീരണിയിക്കുവാനും അതുവഴി കൃഷിക്കും കുടിവെള്ളത്തിനും അതോടൊപ്പം കിടങ്ങൂർ വരെ എത്തുന്ന ഓരു വെള്ള ഭീഷണി കുറയ്ക്കുവാനും സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  ജലവിഭവ വകുപ്പുമായി ഉടൻ ചർച്ച നടത്തുവാനും യോഗം തീരുമാനിച്ചു. വേനൽ കാല ജലസംഭരണം ലക്ഷ്യമാക്കി പാലാ അരുണാപുരത്ത് നിർമ്മിക്കുന്ന മിനി ഡാമിന് പുതിയ ഡിസൈനും എസ്റ്റിമേററിനുമായും നിവേദനം സമർപ്പിക്കും: യോഗത്തിൽ ജയ്സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •