Kerala News

ഏകീകൃത കുര്‍ബാന നടപ്പാക്കണം; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാര്‍പ്പാപ്പയുടെ കത്ത്

Keralanewz.com

കൊച്ചി: സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. പുരോഹിതര്‍ക്കുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടാണ് മാര്‍പ്പാപ്പയുടെ കത്ത്.


ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് വത്തിക്കാന്റെ നിര്‍ണായക ഇടപെടല്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. തര്‍ക്കത്തില്‍ ആദ്യമായാണ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളംഅങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.


വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകള്‍ക്ക് ആവശ്യപ്പെടാം. കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കും. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാര്‍പ്പാപ്പ കത്ത് ചുരുക്കുന്നത്.

കത്തിനെ കുറിച്ചുള്ള എറണാകുളംഅങ്കമാലി അതിരൂപയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അല്‍മായ മുന്നേറ്റം അതിരൂപത സമിതി കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

Facebook Comments Box