National News

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

Keralanewz.com

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മില്‍ ഈ ധാരണ. കേരളത്തില്‍ നിന്ന് പിബിയില്‍ എ വിജയരാഘവന്‍ എത്തിയേക്കും.
വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആര്‍പിയുടെ പേരും ശക്തമായി ഉയര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങള്‍ തുടര്‍ന്നു

ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.
സിപിഎം ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയര്‍ന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയില്‍ എത്തുന്നത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് നേതാക്കള്‍ ഒഴിവാകും. എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പിബിയില്‍ എത്തും എന്നാണ് സൂചന


സീതാറാം യെച്ചൂരി ഒരിക്കല്‍ കൂടില്‍ നേതൃത്വത്തില്‍ എത്തും എന്ന് ഉറപ്പാകുകയാണ്. എന്നാല്‍ യെച്ചൂരിയുടെ നയങ്ങള്‍ എത്രത്തോളം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കും എന്നറിയാന്‍ കാത്തിരിക്കണം

Facebook Comments Box