Kerala News

തിരുവിതാംകൂര്‍ രാജാവിന്റെ കാറില്‍ ഇനി യൂസഫലി സഞ്ചരിക്കും

Keralanewz.com

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജാവിന്റെ കാറില്‍ ഇനി സഞ്ചരിക്കുക പ്രമുഖ വ്യവസായി യൂസഫലി.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടയാളമാണ് കാന്‍ 42 എന്ന ബെന്‍സ് കാര്‍. കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 T കാര്‍ യൂസഫലിക്കു സമ്മാനിക്കും.
ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപ നല്‍കിയാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍!ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.


38–ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85–ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.


കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്‌സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല.


ആത്മമിത്രമായ യൂസഫലിക്ക് കാര്‍ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാര്‍ യൂസഫലി!ക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം

Facebook Comments Box