Thu. Apr 18th, 2024

നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വയ്ക്കുക; ഹൈക്കോടതി

By admin Nov 25, 2021 #news
Keralanewz.com

കൊച്ചി: കൊച്ചിയിൽ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡ് നന്നായി പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് കോടതി വിമർശിച്ചു. ഈ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് അവസരം കൊടുക്കണമെന്നും കോടതി അഭിപ്രായ പ്രകടനം നടത്തി. കൊച്ചിയിലെ നിരത്തുകളിൽ കൂടി യാത്ര ചെയ്യുന്നത്  ദുഷ്കരമാണെന്നും റോഡിന്‍റെ ശോച്യാവസ്ഥയിൽ നഗരസഭ എന്ത് നടപടികൾ സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു.     

കഴിഞ്ഞവര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ ഈ വര്‍ഷം വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി  റോഡുകള്‍ മികച്ചത് ആയിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.എന്നാൽ .റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നാണ് കൊച്ചി നഗരസഭയുടെ വിശദീകരണം.ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി പാലിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത കേബിളുകള്‍ അടിയന്തിരമായി എടുത്തുമാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post