Kerala News

ചിത്തരഞ്ജന്റെ മുട്ടക്കറി വിവാദം; ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍

Keralanewz.com

ആലപ്പുഴ: ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടി. എന്നാല്‍, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കളക്ടര്‍ അറിയിച്ചു. വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കളക്റ്റര്‍ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, ഹോട്ടല്‍ ബില്ല് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ചിത്തരഞ്ജന്‍ എംഎല്‍എ രംഗത്തെത്തി. ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകള്‍ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജന്‍ കുറ്റപ്പെടുത്തി. ചിലര്‍ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകള്‍ക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എംഎല്‍എ വ്യക്തമാക്കി.
ഓസിന് കഴിക്കുന്നവരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം താന്‍ പണം നല്‍കിയില്ല എന്ന മുന്‍ എംഎല്‍എ വി ടി ബല്‍റാമിന്റെ പരാമര്‍ശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണെന്നും പണം നല്‍കിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ തന്റെ ധാര്‍മികരോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം.

ചിത്തരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിര്‍ത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാന്‍ എന്ന വിവരം സൂചിപ്പിക്കട്ടെ.
ഞാന്‍ ചെയ്ത തെറ്റെന്താണ് ?. സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകള്‍ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയില്‍ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോള്‍, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോള്‍ ബില്ലിന്‍ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം.
എന്നാല്‍ കെപിസിസി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോ ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ചിട്ടുള്ള ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു മാത്രം.
സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാര്‍മ്മിക രോഷമാണ് ഞാന്‍ പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവര്‍ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങള്‍ക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന് ഓര്‍മ്മിപ്പിക്കട്ടെ..

Facebook Comments Box