National News

വര്‍ക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പില്‍ നിന്നും തീ പടര്‍ന്നു, പൊട്ടിത്തെറി; ടെക്കി യുവതി ഗുരുതരാവസ്ഥയില്‍

Keralanewz.com

അമരാവതി: വര്‍ക്ക് ഫ്രം ഹോം ജോലിക്കിടെ ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ് ടോപ്പില്‍ നിന്നും തീ പടര്‍ന്നുപിടിച്ച്‌ യുവതിക്ക് ഗുരുതര പരിക്ക്.

ടെക്കിയായ യുവതിക്ക് പൊട്ടിത്തെറിയില്‍ 80 ശതമാനം പൊള്ളലേറ്റു. ആന്ധ്ര സ്വദേശി സുമലതയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ലാപ്ടോപ്പിന്‍റെ ചാര്‍ജറിലുണ്ടായ തീപ്പൊരിയെ തുടര്‍ന്ന് ബെഡ്ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ മേകവാരിപള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജോലി ചെയ്തുകൊണ്ടിരിക്കെ ചാര്‍ജ്ജറില്‍ നിന്നും തീപടര്‍ന്നുപിടിച്ച്‌ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച്‌ മുറിയില്‍ തീ പടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരു ആസ്ഥാനമായുള്ള മാജിക് സൊല്യൂഷന്‍ എന്ന കമ്ബിനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു 23 കാരിയാണ് അപകടത്തില്‍പ്പെട്ടത്. കൊവിഡ് വ്യാപകമായതോടെ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സുമലത വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ‘മകള്‍ പതിവുപോലെ രാവിലെ 8 മണിക്ക് കിടപ്പുമുറിയില്‍ നിന്നു തന്നെ ജോലി ആരംഭിച്ചിരുന്നു. അവളുടെ മടിയിലായിരുന്നു ലാപ്ടോപ്പ്. ജോലി തുടരുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോളാണ് തീപടര്‍ന്ന് പിടിച്ചത് കണ്ടത്’-സുമലതയുടെ മാതാപിതാക്കളായ വെങ്കട സുബ്ബ റെഡ്ഡിയും ലക്ഷ്മി നരസമ്മയും പറഞ്ഞു.

ഓടിയെത്തിയപ്പോഴേക്കും മുറിയിലാകെ പുക നിറഞ്ഞിരുന്നു. ഉടനെ തന്നെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ അകത്ത് കടന്നു. അപ്പോഴേക്കും പൊള്ളലേറ്റ സുമലത ബോധരഹിതയായി വീണിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്കെത്തിച്ചു. ബോധം തെളിഞ്ഞെങ്കിലും സുമലതയുടെ നില ഗുരുതരമാണ്. ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന പരിശോധനയിലാണ് ലാപ്ടോപ്പില്‍ നിന്നും തീ പടര്‍ന്നതാണെന്ന് കണ്ടെത്തിയത്

Facebook Comments Box