പി.സി.ജോര്‍ജിനെ കാണാനില്ല, ഫോണ്‍ സ്വിച്ച് ഓഫ്; ഒളിവിലെന്ന് പൊലീസ്
പാല: വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷപ്രസംഗക്കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി.ജോര്‍ജ് ഒളിവില്‍ പോയെന്ന് പൊലീസ്.
ജോര്‍ജിനെ അന്വേഷിച്ച് പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി ജോര്‍ജിന്‍്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
“പി.സി.ജോര്‍ജ് ഉച്ചയോടെ വീട്ടില്‍നിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനാകുന്നില്ല. പി.സി.ജോര്‍ജ് ഉച്ചയ്ക്കു വീട്ടില്‍നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും.” മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.
വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ . ജോര്‍ജിന്റെ പ്രസംഗം പ്രകോപനപരമെന്നും മതസ്പര്‍ധയ്ക്കും ഐക്യം തകരാനും ഇതു കാരണമാകുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോര്‍ജിന്‍റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്‍വ്വം തന്നെ എന്നാണ് സര്‍ക്കാര്‍ നിലപാട്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചു.
ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയുന്നു. എന്നാല്‍ വെണ്ണലയിലെ വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വെണ്ണല കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.