International News

മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അപവാദം പ്രചരിപ്പിച്ചു; പ്രതി 12 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

Keralanewz.com

അബുദാബി: മുന്‍ ഭാര്യയെക്കുറിച്ച്‌ അപവാദം പ്രചരിപ്പിക്കുകയും വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെ അവരെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അബുദാബി നിവാസി 60,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി. വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെ തനിക്ക് ലഭിച്ച ഭീഷണികള്‍ കാരണം തനിക്ക് നേരിട്ട ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മകളുടെ മുന്‍ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

തന്റെ മകള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിയില്‍ നിന്ന് വേര്‍പിരിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വിവാഹമോചനത്തിനു ശേഷവും അയാള്‍ തന്റെ മകളെ ശല്യപ്പെടുത്തുന്നത് തുടരുകയും ഭീഷണിപ്പെടുത്തുകയും ദുരുദ്ദേശപരമായ അഭിപ്രായങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി. അയാള്‍ തന്റെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളിലൂടെ സമൂഹത്തിനുമുന്നില്‍ അപമാനിച്ചെന്നും അദ്ദേഹം പറയുന്നു

തന്റെ മുന്‍ മരുമകന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. വിവാഹമോചനം ചെയ്തതിന്റെ പ്രതികാരമായി അയാള്‍ മകളെ കൊല്ലുമെന്നും തന്റെ കുടുംബത്തെ വേദനിപ്പിക്കുമെന്നും വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളയച്ചെതായും പിതാവ് പറഞ്ഞു. ഭീഷണി സന്ദേശങ്ങള്‍ അദ്ദേഹത്തിനും കുടുംബത്തിനും ഭയവും വൈകാരിക വേദനയും ഉണ്ടാക്കിയതായി പിതൃസഹോദരന്‍ പറഞ്ഞു. കുടുംബം ഇക്കാര്യം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബി ക്രിമിനല്‍ കോടതി ആദ്യം പ്രതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് മുന്‍ഭാര്യയുടെ പിതാവ് കുടുംബത്തിനും സിവില്‍, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിമുകള്‍ക്കുമായി അബുദാബി കോടതിയില്‍ പോയി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അയാള്‍ക്കും കുടുംബത്തിനും സംഭവിച്ച ധാര്‍മ്മികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 60,000 ദിര്‍ഹം നല്‍കണമെന്ന് ജഡ്ജി ഉത്തരവിട്ടു. വാദിയുടെ നിയമപരമായ ചെലവുകളും പ്രതി വഹിക്കും. വിവാഹമോചിതരായ ഈ ദമ്ബതികള്‍ക്ക് അവരുടെ വിവാഹത്തില്‍ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്.

Facebook Comments Box