നിയമപോരാട്ടം ഫലം കണ്ടു; 39 വനിതകള്‍ക്കു കരസേനയില്‍ സ്ഥിരനിയമനം
ന്യൂഡല്‍ഹി: രാജ്യത്തിന് ശ്രദ്ധയാകര്‍ഷിച്ച നിയമയുദ്ധത്തിനൊടുവില്‍ 39 വനിതാ കരസേനാ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം സ്ഥിരനിയമനം (പെര്‍മനന്റ് കമ്മീഷന്) അനുവദിച്ചു. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിരമിക്കുന്ന കാലാവധി വരെ കരസേനയില്‍ തുടരുന്നതിനെയാണ് പെര്‍മനന്റ് കമ്മീഷന് എന്നു പറയുന്നത്. പത്തുവര്‍ഷത്തേക്കായിരുന്നു ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്. പത്തുവര്‍ഷത്തിനു ശേഷം ഒരു ഓഫീസര്‍ക്ക് പെര്‍മനന്റ് കമ്മീഷന് ലഭിച്ചില്ലെങ്കില്‍ നാലു വര്‍ഷത്തേക്കു കൂടി സേവന കാലാവധി നീട്ടി നല്കുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്.
ഇത്തരത്തില്‍ പെര്‍മനന്റ് കമ്മീഷന് നിഷേധിക്കപ്പെട്ട 71 വനിത ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി കയറിയ 71 പേരില്‍ 39 പേര് പെന്‍മനന്റ് കമ്മീഷന് യോഗ്യരാണെന്നു കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഏഴ് പേര്‍ക്ക് ശാരീരിക ക്ഷമതയില്ല. 25 പേര്‍ക്കെതിരേ അച്ചടക്ക നടപടികളുണ്ടെന്നും അറിയിച്ചു. 25 പേര്‍ക്ക് എന്തുകൊണ്ട് പെര്‍മനന്റ് കമ്മീഷന് നല്‍കുന്നില്ല എന്നത് വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കരസേനയുടെ പോരാട്ട യൂണിറ്റുകള്‍ ഒഴികെയുള്ള തസ്തികകളിലാണ് ഇപ്പോള്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന് നല്‍കിയിരിക്കുന്നത്. സ്ഥിരനിയമനമാകുന്നതോടെ, പുരുഷന്മാര്ക്കു തുല്യമായ സേവനകാലയളവും റാങ്കുകളും വനിതകള്‍ക്കും ലഭിക്കും. കേണല്‍ റാങ്ക് മുതലുള്ള കമാന്‍ഡ് പദവികളിലും വനിതകളെത്തും. സ്ഥിരനിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം പുരുഷന്മാരുടേതുപോലെ സേനാ റാങ്കുകള്‍ക്ക് അനുസരിച്ചായിരിക്കും.
ജനറല്‍ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം 62 ആണ്. അതിനു താഴെയുള്ള ലഫ്. ജനറല്‍ ഉദ്യോഗസ്ഥരുടേത് 60 വയസുമാണ്. ഇതോടെ ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്നല്‍സ്, എന്‍ജിനിയറിംഗ്, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്സ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡ്നന്‍സ് കോര്‍, ഇന്റലിജന്‍സ് കോര്‍, അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യൂ ക്കേഷണല്‍ കോര്‍ എന്നീ യൂണിറ്റുകളില്‍ വനിതകള്‍ക്ക് സ്ഥിരം നിയമനം ലഭിക്കും