Fri. Apr 26th, 2024

മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തി, വയോധികയുടെ മാല കവര്‍ന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

By admin May 4, 2022 #news
Keralanewz.com

കോയമ്ബത്തൂര്‍ : മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍.

പേരൂര്‍ പച്ചപാളയത്തെ പ്രൈവറ്റ് കോളജില്‍ മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥികളായ പ്രസാദ്, ഇയാളുടെ കാമുകിയായ തേജസ്വിനി എന്നിവരാണ് പോലീസ് പിടിയിലായത്. പ്രദേശത്ത് ആടുകളെ മേയ്‌ക്കുകയായിരുന്ന തൊണ്ടാമുത്തൂര്‍ സ്വദേശി കാളിഅമ്മാളിന്‍റെ അഞ്ചര പവന്‍ വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു അറസ്റ്റിനു ആസ്പദമായ സംഭവം നടന്നത്

സ്‌കൂട്ടറിലെത്തിയ പ്രതികള്‍ വിലാസം ചോദിക്കാനെന്ന വ്യാജേന കാളിഅമ്മാളിന്‍റെ അടുത്തെത്തി.ഈസമയം തേജസ്വിനി ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മേല്‍വിലാസം ചോദിക്കുന്നതിനിടെ പുറകിലിരുന്ന പ്രസാദ് മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കാളിഅമ്മാളിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്ബര്‍ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും മാതാപിതാക്കള്‍ വ്യവസായികളാണ്. ഓണ്‍ലൈന്‍ വാതുവയ്പ്പ് വഴി പ്രസാദിന് അടുത്തിടെ വന്‍തുക നഷ്‌ടമായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മോഷണ പദ്ധതിയിട്ടത്. ഏതാനും മാസം മുന്‍പ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടുവെന്ന് പ്രസാദിന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

പ്രസാദാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ചതെന്ന് മനസിലായതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചെലവിനുള്ള പണം കണ്ടെത്തുന്നതിനും പ്രസാദിന്‍റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിനുമാണ് പ്രതികള്‍ മാല മോഷ്‌ടിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ നിന്നും പൊലീസ് സ്വര്‍ണമാല കണ്ടെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്‌തു

Facebook Comments Box

By admin

Related Post