Kerala News

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; കോടതിയില്‍ അപേക്ഷ നല്‍കി

Keralanewz.com

തിരുവനന്തപുരം: മതവിദ്വേഷ കേസില്‍ പി സി ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (രണ്ട്) അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹര്‍ജി സമര്‍പിച്ചത്. കേസില്‍ മേയ് 11ന് വാദം കേള്‍ക്കും.
പ്രോസിക്യുഷനെ കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയതെന്നാണ് പൊലീസ് അപേക്ഷയില്‍ പറയുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു


സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതാണ് ജാമ്യ ഉത്തരവ്. മൂന്ന് വര്‍!ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍ ജനപ്രതിനിധിയായ ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നാണ് ഉത്തരവില്‍ പറയുന്നത്


മുന്‍ കോടതിവിധികള്‍ അനസരിച്ച് പ്രോസിക്യൂഷന്‍ അഭിപ്രായം കേള്‍ക്കാതെ ജാമ്യം അനുവദിക്കാനാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 50000 രൂപയുടെ ബോണ്ടില്‍ ഉപാധികളോടെയാണ് ജാമ്യം. ജോര്‍ജിനെതിരായ കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ക്ക് കൈമാറി. ഫോര്‍ട്ട് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്നു മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

Facebook Comments Box