Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമയും ജോ ജോസഫും നേര്‍ക്കുനേര്‍; ബിജെപി തീരുമാനം ഇന്ന്, കളത്തിലിറങ്ങുമോ എഎപി?

Keralanewz.com

കൊച്ചി: ഇടത് വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കളത്തിലെത്തിയതോടെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ചൂടേറുന്നു.

സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു.ഡി.എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച്‌ എല്‍ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംബന്ധിച്ച്‌ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ച ബിജെപിയില്‍ തുടരുകയാണ്. ഇന്ന് കോഴിക്കോട്

ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാന്‍ ആണ് സാധ്യത. തൃക്കാക്കരയില്‍ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പില്‍ എ എ പി യുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവില്‍ ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. എന്നാല്‍ ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.

അതേസമയം ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ കളത്തിലെത്തിയതോടെ തന്നെ തൃക്കാക്കര, തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശത്തിലായിട്ടുണ്ട്. പരസ്പരം പോ‍ര്‍വിളിച്ച്‌ നേതാക്കളും രംഗത്തുണ്ട്. നൂറ് സീറ്റാക്കാന്‍, വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമാണ് ഇടത് മുന്നണി മുന്നോട്ട് വയ്ക്കുന്നത്. പി ടി തോമസിന്‍റെ വികസന സ്വപ്നങ്ങളും സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുമാണ് യു ഡി എഫ് പ്രചരണം. കെ റെയില്‍ പദ്ധതിയും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്

Facebook Comments Box