ആറാമത് ഇന്ത്യാ റബ്ബര്‍ മീറ്റ് ജൂലൈയില്‍; വിദേശത്ത് നിന്നടക്കം 500 പേര്‍ കൊച്ചിയിലെത്തും
കൊച്ചി: ഇന്ത്യാ റബ്ബര്‍ മീറ്റ് 2022 ജൂലൈ 22, 23 തീയതികളില്‍ കൊച്ചി ലേ മെരിഡിയനില്‍ നടക്കും.
റബ്ബര്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ആറാമത്തേതാണ് ഇത്. കര്‍ഷകര്‍, വ്യാപാരികള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍, നയ രൂപകര്‍ത്താക്കള്‍, കാര്‍ഷിക ഉദ്യോഗസ്ഥര്‍, സാമ്ബത്തിക വിദഗ്ദ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തം സമ്മേളനത്തില്‍ ഉണ്ടാവും.
റബ്ബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ്സ് അവസരങ്ങള്‍ ഉണ്ടാക്കാനും റബ്ബര്‍ സമ്മേളനം സഹായിക്കും. റബ്ബര്‍ ബോര്‍ഡിനെയും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്ത ഇന്ത്യാ റബ്ബര്‍ മീറ്റ് ഫോറം (ഐ.ആര്‍.എം.എഫ്.) എന്ന സൊസൈറ്റി ആണ് മീറ്റ് സംഘടിപ്പിക്കുന്നത്.
റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധരാകും സംസാരിക്കുക. പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. റബ്ബര്‍ ഉത്പന്നനിര്‍മ്മാണം, റബ്ബര്‍ കൃഷി, രോഗനിയന്ത്രണം എന്നീ മേഖലകളിലെ പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയവരുടെ അവതരണങ്ങള്‍ മീറ്റിലെ പ്രധാന ഭാഗമായിരിക്കും. റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ കെ എന്‍. രാഘവന്‍ ചെയര്‍മാനായി ദേശീയതലത്തില്‍ സംഘടിപ്പിച്ച ഓര്‍ഗനൈസിങ് കമ്മിറ്റിയാണ് ഐ ആര്‍ എം 2022- ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 500 പ്രതിനിധികള്‍ ഐ.ആര്‍.എം. 2022-ല്‍ പങ്കെടുക്കും