Kerala News

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയിരിക്കണം; ഇല്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

Keralanewz.com

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടന്‍ നാട്ടിലെത്തുമെന്ന് സൂചന.

ജോര്‍ജിയയില്‍ക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായില്‍ എത്തിയിട്ടുണ്ട്. പാസ്പോര്‍ട് റദ്ദാക്കിയതിനാല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകള്‍ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികള്‍ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കില്‍ ഇന്‍റര്‍പോള്‍ മുഖേന റെ‍ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കേസില്‍ കോടതി പറയുന്ന ദിവസം ഹാജര്‍ ആവാന്‍ തയ്യാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. ജോര്‍ജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്ബോള്‍ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹ‍ര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

അതേസമയം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യം പാസ്പോര്‍ട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ മെമ്ബര്‍ഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റുവെന്ന് ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് നടന്‍റെ പ്രതികരണം.

‘അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല, ‘അമ്മ ഡാ.സംഘടന..ഡാ’. ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്. ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്, പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് നടന്‍ ഷമ്മി തിലകന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്

Facebook Comments Box