Thu. May 16th, 2024

വിമാനത്താവളം ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് തീർപ്പിനില്ല; ബിലീവേഴ്സ് ചർച്ച്

By admin Jul 30, 2021 #news
Keralanewz.com

എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശം സംബന്ധിച്ച് കോടതിക്കുപുറത്ത് ഒത്തുതീർപ്പുകൾക്ക് വിസമ്മതിച്ച് ബിലീവേഴ്സ് ചർച്ച്. പാലാ കോടതിയിൽ സർക്കാർ ഉടമാവകാശം ഉറപ്പിക്കാൻ നൽകിയ കേസ് നടന്നുവരികയാണ്. ഇതിനിടെയാണ് ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ട്രസ്റ്റുമായി റവന്യൂ സ്പെഷ്യൽ സെക്രട്ടറി കെ.ബിജു ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറിയാണ് ഇവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

വിമാനത്താവളപദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. പദ്ധതിക്ക് മണ്ണ്, ഭൂമിഘടന പഠനങ്ങൾ ഉടൻ നടത്തണം. ഇതിന് ആദ്യത്തെ കൺസൾട്ടന്റായ ലൂയി ബഗറിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്, നിലവിൽ ഉടമാവകാശമുള്ള ചർച്ചിന്റെ അനുമതി വേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ ലൂയി ബഗറിന് അനുമതി നൽകിയതുപോലെ വീണ്ടും ആവശ്യമെങ്കിൽ നൽകാമെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഇക്കാര്യം സഭാകൗൺസിലിൽ ചർച്ചചെയ്ത് അംഗീകാരം വാങ്ങണമെന്ന് അവർ അറിയിച്ചെന്നാണ് വിവരം. പാലാ കോടതിയിലെ കേസ് നീട്ടിക്കൊണ്ടുപോകാതെ വേഗം തീർക്കാൻ സർക്കാർ തയ്യാറാകണമെന്ന അഭ്യർഥനയും ചർച്ച് മുന്നോട്ടുവെച്ചു.

എന്നാൽ, ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് സാധ്യതയില്ലെന്ന നിലപാടാണ് അവർ എടുത്തത്. ഭൂമിരേഖകൾ കൃത്യമാണെന്ന, മുൻ കൈവശക്കാരൻ ഹാരിസൺ ഗ്രൂപ്പിന്റേതിന് സമാനമായ നിലപാടാണ് ചർച്ചും സ്വീകരിക്കുന്നത്. ഹാരിസണിൽനിന്ന് 62 കോടി രൂപ നൽകി വാങ്ങിയ ഭൂമിയാണിതെന്നാണ് മുൻകേസുകളിലും അവർ അറിയിച്ചിരുന്നത്.

പാലാ കോടതിയിലെ കേസിൽ കക്ഷിചേരാൻ വിവിധ സംഘടനകൾ നൽകിയ അപേക്ഷകളിൽ സംസ്ഥാനസർക്കാരും ബിലീവേഴ്സ് ചർച്ചും ഒരേനിലപാടാണ് സ്വീകരിച്ചത്. മറ്റുള്ളവർക്ക് ഇതിൽ കാര്യമില്ലെന്നതാണ് നിലപാട്. മറ്റുള്ളവരെ കക്ഷിചേർക്കുന്നതിൽ കോടതി ഒാഗസ്റ്റിൽ തീർപ്പുപറയും. കേസ് നൽകിയശേഷം ഇതാദ്യമായാണ് സർക്കാർ ബിലീവേഴ്സ് ചർച്ചിനെ ചർച്ചയ്ക്ക് വിളിക്കുന്നത്. ആദായനികുതി കേസിൽ എസ്റ്റേറ്റ് ആദായനികുതി വകുപ്പ് താത്‌കാലികമായി ഏറ്റെടുത്തിരിക്കുകയുമാണ്.

Facebook Comments Box

By admin

Related Post